തൃശൂര്‍: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ സ്‌കൂള്‍ ബസുകളുടെ പരിശോധനയില്‍ 80 എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിച്ച നിയമങ്ങളെല്ലാം പാലിച്ച 693 ബസുകള്‍ക്ക് പ്രി മണ്‍സൂണ്‍ ചെക്ക്ഡ് എന്നെഴുതിയ സ്റ്റിക്കര്‍ പതിച്ചു നല്‍കി.
തൃശൂര്‍, ഗുരുവായൂര്‍, വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി എന്നിവിടങ്ങളിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ ഇന്നലെ 773 ബസുകളാണ് പരിശോധനക്കെത്തിയത്. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ ബസുകളില്‍ വീണ്ടും പരിശോധന നടത്തും. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് പിഴവുകള്‍ നികത്തിയില്ലെങ്കില്‍ ഈ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സ്‌കൂള്‍ അധികൃതരെ പ്രതിയാക്കിക്കൊണ്ടായിരിക്കും കേസെടുക്കുക.
















