ഉധംപൂര്‍: വിഘടവാദികള്‍ക്ക് ചുട്ടമറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഘടനവാദികള്‍ എറിയുന്ന കല്ലുകള്‍കൊണ്ട് യുവാക്കള്‍ പുതിയ കശ്മീര്‍ പടുത്തുയര്‍ത്തുമെന്ന് മോദി പറഞ്ഞു. കശ്മീരിലെ ഉധംപൂരില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ ഭാരതീയനും കശ്മീരിന്റെ സൗന്ദര്യം നേരില്‍ കണ്ട് ആസ്വദിക്കുന്നതിന് ആഗ്രഹമുളളവരാണ്. മനോഹരമായ ഈ താഴ്വരയുടെ സൗന്ദര്യം നിരവധി ജനങ്ങളെ കശ്മീരിലേക്കെത്തിക്കും. വിനോദസഞ്ചാര മേഖല വികസിക്കുന്നതോടെ സാമ്പത്തിക പുരോഗതിയുമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചില വഴിതെറ്റിയ യുവത്വങ്ങള്‍ കശ്മീരില്‍ സൈന്യത്തിനെതിരേ കല്ലെറിയുമ്പോള്‍, അതേ കശ്മീരിലെ യുവാക്കള്‍ തന്നെ അതേ കല്ലുകളുപയോഗിച്ച് ഇവിടെ അടിസ്ഥാനസൗകര്യങ്ങള്‍ പണിതുയര്‍ത്തുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കശ്മീരികള്‍ ചെനാനി തുരങ്കത്തിന്റെ നിര്‍മ്മിതിക്കായി കഠിനാദ്ധ്വാനം ചെയ്തതായും, താന്‍ അവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടൂറിസത്തിന്റെയും, ടെറസിസത്തിന്റെയും പാതകളില്‍ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് കശ്മീരിലെ യുവാക്കളാണ് തീരുമാനിക്കേണ്ടത്. രക്തച്ചൊരിച്ചിലുകളുടെ പാത ആരേയും ഒരിക്കലും സഹായിച്ചിട്ടില്ല. സഹായിക്കുകയുമില്ല; അദ്ദേഹം പറഞ്ഞു.
താന്‍ കശ്മീര്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയുടെ കാഴ്ചപ്പാടുകളും, പ്രയത്‌നവും അനുസ്മരിക്കുക സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം തുരങ്കത്തിനായുളള പദ്ധതി പ്രഖ്യാപിച്ച ഉടന്‍ തന്നെ സംസ്ഥാനസര്‍ക്കാര്‍ അതിനായുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്റെ പേരില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയോട് താന്‍ പ്രത്യേക നന്ദിയറിയിക്കുകയാണ്.
കേന്ദ്രസര്‍ക്കാരിന്റെ ആത്മ മന്ത്രം വികസനം മാത്രമാണ്. അത് സാര്‍ത്ഥകമാക്കാനുളള വഴി ജനപങ്കാളിത്തമാണ്. രാജ്യത്തിന്റെ വികസനത്തില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
















