ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവ് സഞ്ജയ് സിങിന് വനിതാ പ്രവര്‍ത്തകയുടെ മര്‍ദ്ദനം. രാജൗരി ഗാര്‍ഡന്‍ അസംബ്ലി മണ്ഡലത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് സഞ്ജയ് സിങിനെ പാര്‍ട്ടി പ്രവര്‍ത്തകയായ സിമ്രാന്‍ ബേദി മുഖത്തടിച്ചത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. പോള്‍ ടിക്കറ്റ് വിതരണത്തില്‍ പാര്‍ട്ടി നടത്തിയ അഴിമതി സംബന്ധിച്ച് തന്റെ പരാതി കേള്‍ക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് താന്‍ സിങി്‌നെ തല്ലിയതെന്ന് സിമ്രാന്‍ ബേദി പറഞ്ഞു. പല തവണ ഈ വിഷയം അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സിങ് തന്നെ അനുവദിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം വിഷയത്തില്‍ സഞ്ജയ് സിങില്‍ നിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും, എന്നാല്‍ സംഭവത്തേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
പ്രാദേശിക തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍ ആം ആദ്മി നേതാക്കള്‍ പലരില്‍ നിന്നായി പണം വാങ്ങിയിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പ്പെടുത്താനായി അരവിന്ദ് കേജ്രിവാളിനെയും സഞ്ജയ് സിങിനെയും സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു.
















