കോഴിക്കോട്: ദേശീയ-സംസ്ഥാനപാതകള്‍ക്കരികിലെ മദ്യവില്പനശാലകള്‍ക്ക് നിരോധനം വന്നതോടെ ജില്ലയില്‍ 28 ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളും 57 കള്ളുഷാപ്പുകളും അടച്ചുപൂട്ടി. 190 കള്ളുഷാപ്പുകളാണ് ജില്ലയില്‍ ആകെ ഉണ്ടായിരുന്നത്. 34 ബിയര്‍ പാര്‍ലറുകളില്‍ ആറെണ്ണത്തിന് മാത്രമാണ് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയുള്ളത്. കോടതി നിര്‍ദ്ദേശിച്ച ദൂരപരിധിയില്‍ ഉള്‍പ്പെട്ട പത്ത് മദ്യവില്‍പനശാലകളും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അടച്ചുപൂട്ടി. പുതിയ സ്ഥലങ്ങള്‍ കണ്ടെത്തുന്ന മുറക്ക് ഔട്ട്‌ലെറ്റുകള്‍ തുറക്കാനിടയുണ്ട്. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പ് ശക്തമായതിനാല്‍ ഇതിന് സമയമെടുക്കും. ജില്ലയിലെ ഏക പഞ്ചനക്ഷത്ര ഹോട്ടലായ താജ് ഗേറ്റ് വേയില്‍ ബാര്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. ദൂരപരിധിയില്‍ വരാത്തതാണ് കാരണം. നഗരത്തിലെ അഞ്ചും കുന്ദമംഗലത്തെ ഒരു ബിയര്‍ ആന്റ് വൈന്‍ പാര്‍ലറും പ്രവര്‍ത്തിക്കുന്നുണ്ട്.
കണ്‍സ്യൂമര്‍ഫെഡിന്റെ കൊയിലാണ്ടിയിലെ ഔട്ട്‌ലെറ്റ് പുതിയ കെട്ടിടത്തില്‍ തുടങ്ങാന്‍ നീക്കമുണ്ടെങ്കിലും നാട്ടുകാരുടെ എതിര്‍പ്പ് രൂക്ഷമാണ്. കോഴിക്കോട് പാവമണി റോഡിലെ രണ്ട് ഔട്ട്‌ലെറ്റുകളും കോടതിവിധിയെതുടര്‍ന്ന് അടച്ചു. പയ്യോളി, പേരാമ്പ്ര, വടകര, കുന്ദമംഗലം, രാമനാട്ടുകര, ഫറോക്ക് എന്നിവിടങ്ങളിലെ ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടി. ബിവറേജസ് കോര്‍പറേഷന് കരിക്കാംകുളം, മാവൂര്‍റോഡ്, തിരുവമ്പാടി എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് ശേഷിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന് വടകര ഔട്ട്‌ലെറ്റ് മാത്രമാണുള്ളത്. കോടതിവിധി നിര്‍ദേശിച്ച ദൂരപരിധി മറികടന്ന് ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനാണ് ബിവറേജസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ഫെഡും ആലോചിക്കുന്നത്.
അതേസമയം, കരിക്കാംകുളം, മാവൂര്‍റോഡ് എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ കൂടുതല്‍ കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. അനധികൃത മദ്യവില്‍പന തടയുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് നടപടികള്‍ സ്വീകരിച്ചുവരുന്നതായി ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. സുരേഷ് പറഞ്ഞു. വാഹനപരിശോധന ഉള്‍പ്പെടെ കര്‍ശന നടപടികള്‍ ഉണ്ടാവും. സ്‌പെഷല്‍ െ്രെഡവ് എന്ന നിലക്കുള്ള പരിശോധന 20വരെ തുടരും.
















