കാസര്‍കോട്: കാസര്‍കോട്ടെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിറസാന്നിധ്യമായിരുന്ന കാരവല്‍ റിപ്പോര്‍ട്ടര്‍ മുത്തലിബിന്റെ അകാല വിയോഗം താങ്ങാനാകാതെ മാധ്യമ സുഹൃത്തുക്കകളും, ബന്ധുക്കളും വിതുമ്പുകയാണ്. മികച്ച വാര്‍ത്തകള്‍ തേടിയുള്ള മുത്തലിബിന്റെ പ്രയാണം ആത്മാര്‍ത്ഥത നിറഞ്ഞതായിരുന്നു. പത്രപ്രവര്‍ത്തന രംഗത്ത് 20 വര്‍ഷത്തിലേറെയായി നിറസാന്നിധ്യമായ മുത്തലിബിന്റെ വാര്‍ത്തകള്‍ എല്ലായിപ്പോഴും നന്മയുടെ പക്ഷത്ത് നില്‍ക്കുന്നതായിരുന്നു. വാര്‍ത്ത തേടിയുള്ള യാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് മുത്തലിബിനെ മരണം തട്ടിയെടുത്തത്. ആശുപത്രി, പോലീസ് സ്റ്റേഷന്, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മുത്തലിബിന്റെ മുഖം എല്ലാവര്ക്കും പരിചിതമാണ്. വാര്‍ത്ത ശേഖരിക്കുന്നതിന് പുറമെ പത്രം അച്ചടിയിലും പത്ര വിതരണത്തിലും മുത്തലിബിന്റെ വിയര്‍പ്പിന്റെ ഗന്ധം ഉണ്ടായിരുന്നു. നല്ല വാര്‍ത്തകള്‍ക്ക് പിന്നാലെ പോകുമ്പോഴും തന്റെ ആരോഗ്യം പോലും വകവെക്കാതെയായിരുന്നു പ്രവര്‍ത്തനം. നാട്ടില്‍ മതസാഹോദര്യം നിലനിര്‍ത്തുന്നതിലും മുന്‍പന്തിയിലായിരുന്നു. ജില്ലയുടെ വികസന കാര്യങ്ങളില്‍ അതീവ തല്പരനായിരുന്നു. ഏറ്റവും ഒടുവില്‍ കാസര്‍കോട് പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലും മുത്തലിബ് സജീവ സാന്നിധ്യമായിരുന്നു. കാസര്‍കോടിന് പുറമെ തന്റെ മാധ്യമ ബന്ധം കുമ്പളയിലും ഊട്ടിയുറപ്പിക്കാന്‍ മുത്തലിബിന് സാധിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നര്‍മ്മം കൊണ്ട് തന്റേതായ സാന്നിധ്യമറിയിച്ചിരുന്ന മുത്തലിബിന്റെ വിയോഗം ഉണ്ടാക്കിയ ശൂന്യത വളരെ വലുതാണ്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലും, മാധ്യമ മേഖലയിലുമുള്ള നിരവധി പേര് അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: