കാഞ്ഞങ്ങാട്: രാവണേശ്വരം കൊട്ടിലങ്ങാട്ടെ എരോല്‍ രഘുവീര(50) ന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമായി.സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ഗോപിയെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റിക്ടാങ്ക് കുഴിക്കാന്‍ കരാറെടുത്തതുമായ ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
രാവണേശ്വരം സ്ക്കൂളിന് സമീപത്തെ ഉദ്ഘാടനം ചെയ്യാത്ത കടയുടെ വരാന്തയിലാണ് രഘുവീരനെ ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. തോര്‍ത്ത് മുണ്ട് കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. രഘുവീരന് മരിച്ച് കിടന്ന കടയുടെ പിറകില്‍ സെപ്റ്റിക് ടാങ്കി കുഴിക്കാന്‍ ഗോപിയും രഘുവീരനും അയ്യായിരം രൂപയ്ക്ക് കരാറെടുത്തിരുന്നു. തുക തുല്യമായി വീതിക്കണമെന്നായിരുന്നു രഘുവീരന് കരുതിയിരുന്നത്. എന്നാല്‍ 700 രൂപ മാത്രമാണ് രഘുവീരന് നല്‍കിയത്. ഇതേ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകം നടത്താന്‍ കാരണം. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഭാര്യയും കുടുംബവുമായി അകന്ന് കഴിയുന്ന രഘുവീരന് കടവരാന്തയിലും മറ്റുമാണ് കിടന്നുറങ്ങാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: