ബെംഗളൂരു : ബഹുരാഷ്ട്ര എണ്ണ-വാതക കമ്പനിയായ ഷെല്‍ തങ്ങളുടെ കോണ്‍സെപ്റ്റ് കാര്‍ ബെംഗളൂരുവില്‍ പുറത്തിറക്കി. വാണിജ്യാടിസ്ഥാനത്തില്‍ ഈ ത്രീ-സീറ്റര്‍ കാറിന്റെ നിര്‍മ്മാണം തുടങ്ങിയാല്‍ റോഡ് ഗതാഗത രംഗത്തെ ഊര്‍ജ്ജ ഉപയോഗം കാര്യമായിത്തന്നെ കുറയ്ക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു. ഊര്‍ജ്ജക്ഷമതയുടെ കാര്യത്തില്‍ ഇതിലും മികച്ച ഉദാഹരണമില്ലെന്ന് ഷെല്‍ പ്രസ്താവിച്ചു.
കോ-എന്‍ജിനീയറിംഗ് പ്രക്രിയയിലൂടെ നിലവില്‍ ലഭ്യമായ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഊര്‍ജ്ജക്ഷമതയില്‍ മുമ്പനായ കാറെന്ന സ്വപ്നതുല്യമായ നേട്ടം കൈവരിച്ചതെന്ന് കമ്പനി വ്യക്തമാക്കി.
വാഹനത്തിന്റെ ബോഡി, എന്ജിന് ഡിസൈന്‍, ലൂബ്രിക്കന്റുകള്‍ എന്നിവയെല്ലാം ഒരേസമയം നിര്‍മ്മിക്കുന്നതാണ് കോ-എന്‍ജിനീയറിംഗ്.
‘പ്രോജക്റ്റ് എം’ എന്നാണ് ഈ കോണ്‍സെപ്റ്റ് കാറിനെ ഷെല്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. പെട്രോള്‍ ഉപയോഗിക്കുന്ന ചെറുകാറിനേക്കാള് (സിറ്റി കാര്‍) 34 ശതമാനം കുറവ് ഊര്‍ജ്ജം മാത്രമേ തങ്ങളുടെ കോണ്‍സെപ്റ്റ് കാറിന് അതിന്റെ ആയുസ്സിലുടനീളം ആവശ്യമുള്ളൂവെന്ന് ഷെല്‍ അധികൃതര്‍ പറഞ്ഞു.
യുകെയിലെ ചെറിയ ഫാമിലി കാര്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ പകുതിയും സാധാരണ എസ്യുവി ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ 69 ശതമാനവും ഊര്‍ജ്ജം മാത്രം മതി പ്രോജക്റ്റ് എമ്മിനെന്ന് കമ്പനി പ്രസ്താവിച്ചു.
2010 ല്‍ ഗോര്‍ഡന്‍ മുറേ ഡിസൈന്‍ രൂപകല്‍പ്പന ചെയ്ത് പുറത്തിറക്കിയ ടി.25 സിറ്റി കാറിന്റെ ചുവടുപിടിച്ചാണ് പ്രോജക്റ്റ് എം നിര്‍മ്മിച്ചിരിക്കുന്നത്. ടി.25 സിറ്റി കാറിന്റെ ഊര്‍ജ്ജക്ഷമത വര്‍ധിപ്പിക്കുന്നതിന് ഷെല്‍ പ്രത്യേക എണ്ണ ഉല്‍പ്പാദിപ്പിച്ചിരുന്നു.
ഫോര്‍മുല വണ്‍ റേസ് കാറുകളും മക്ലാറെന്‍ എഫ്1 റോഡ് കാറുകളും ബ്രിട്ടീഷ് ഡിസൈനറായ ഗോര്‍ഡന്‍ മുറേയാണ് രൂപകല്‍പ്പന ചെയ്യുന്നത്.
ലോകത്തെ മുന്‍നിര വാഹന, എന്ജിന്, ലൂബ്രിക്കന്റ് ഡിസൈനര്‍മാരുടെ കോ-എന്‍ജിനീയറിംഗ് സഹകരണത്തിന്റെ ഫലമാണ് പ്രോജക്റ്റ് എം എന്ന് ഷെല്‍ അധികൃതര്‍ പറഞ്ഞു.
പെട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറിന് 550 കിലോഗ്രാം മാത്രമാണ് ഭാരം. ഇതുവരെ 4,800 കിലോമീറ്റര്‍ പരീക്ഷണ ഓട്ടം നടത്തിക്കഴിഞ്ഞു.
മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചപ്പോള്‍ 38 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ലഭിച്ചത്. കാറിന്റെ മിക്ക കംപോണന്റുകളും 3ഡി പ്രിന്റിംഗിലൂടെയാണ് നിര്‍മ്മിച്ചെടുത്തത്.
ബോഡി നിര്‍മ്മിക്കാന്‍ റീസൈക്കിള്‍ ചെയ്ത കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചു. ബോഡി അസംബ്ള്‍ ചെയ്യുന്നതിന് സാധാരണ ഉരുക്ക് കാറിന് വേണ്ടിവരുന്നതിന്റെ കാല്‍ഭാഗം ചെലവ് മാത്രമേ വേണ്ടിവന്നുള്ളൂ. ഉപയോഗശൂന്യമായാല്‍ ഏറെക്കുറെ പൂര്‍ണ്ണമായും റീസൈക്കിള്‍ ചെയ്യാം.
പ്യൂര്‍പ്ലസ് സാങ്കേതികവിദ്യ പയോഗിച്ച ‘ഷെല്‍ ഹീലിക്സ് അള്‍ട്രാ’ എന്ജിന് ഓയിലാണ് അള്‍ട്രാ-കോംപാക്റ്റ് കോണ്‍സെപ്റ്റ് കാറില്‍ ഉപയോഗിക്കുന്നത്. ഇത് വാഹനത്തിന്റെ ഇന്ധനക്ഷമത അഞ്ച് ശതമാനം വര്‍ധിക്കുന്നതിന് സഹായിക്കും.
ലൂബ്രിക്കന്റുകള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നതാണ് പ്രധാനപ്പെട്ട കാര്യം. വാണിജ്യാടിസ്ഥാനത്തില്‍ പ്രോജക്റ്റ് എം ഉല്‍പ്പാദിപ്പിക്കുന്ന കാര്യം കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: