കൊച്ചി: കാമ്പസ് രാഷ്‌ട്രീയത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്ന സാഹചര്യത്തില്‍ സമരം മൂലം ക്ലാസുകള്‍ നഷ്ടപ്പെടുന്നത് തടയാനാവില്ലെന്നു എറണാകുളം ഗവ ലോ കോളജ് പ്രിന്‍സിപ്പാള്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ഇത്തരം സാഹചര്യം നിലനില്‍ക്കുന്നിടത്തോളം പ്രിന്‍സിപ്പാളിന് പരിമിതികളുണ്ടെന്നും കാമ്പസ് രാഷ്‌ട്രീയം നിരോധിക്കാതെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നും പ്രിന്‍സിപ്പാള്‍ ഡോ. ആര്‍. ബിജുകുമാര്‍ കോടതിയില്‍ വ്യക്തമാക്കി. കോളജില്‍ സമരം കാരണം ക്ലാസുകള്‍ നഷ്ടപ്പെടുന്നതു തടയണമെന്നാവശ്യപ്പെട്ട് നിയമ വിദ്യാര്‍ത്ഥിയായ എന്‍. പ്രകാശന്‍ നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം.
വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് സമരം നടത്തുന്നത്. നേരത്തെ നോട്ടീസ് നല്‍കിയാല്‍ പോലീസ് സഹായം തേടാറുണ്ട്. കാമ്പസ് രാഷ്‌ട്രീയത്തെ പിന്തുണയ്‌ക്കുന്ന സര്‍ക്കാര്‍ നിലപാടു കാരണം പോലീസിന്റെ സഹായത്തോടെയാണെങ്കില്‍ പോലും കാമ്പസില്‍ അച്ചടക്കം ഉറപ്പാക്കാന്‍ കഴിയാറില്ല. സമരക്കാര്‍ മുദ്രാവാക്യം വിളികളുമായി ക്ലാസ് മുറികളില്‍ തള്ളിക്കയറും. ഇത്തരമൊരു സംഘര്‍ഷാവസ്ഥയില്‍ ക്ലാസ് തുടരാന്‍ കഴിയില്ല. പോലീസ് സഹായത്തോടെ ക്ലാസുകള്‍ നടത്തുകയെന്നതു പ്രായോഗികമല്ല.
ഇത് ഏറ്റുമുട്ടലിനും നാശനഷ്ടങ്ങള്‍ക്കും വഴിവെക്കും. സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ചെറിയ വിഭാഗമാണെങ്കിലും ഭൂരിപക്ഷം വരുന്ന നിശബ്ദരായ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഇതിനെ എതിര്‍ക്കാനാവില്ല. സമരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസിന് പുറത്തുള്ള രാഷ്‌ട്രീയ യജമാനന്മാരുടെ പിന്തുണയുണ്ടെന്നും പ്രിന്‍സിപ്പലിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
















