കൊച്ചി : അബ്കാരി കരാറുകാരനായ മിഥില മോഹനെ വെടിവെച്ചു കൊന്ന കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കേസിലെ മൂന്നും നാലും പ്രതികളായ മതിവണ്ണന്‍, ഉപ്പാളി എന്നിവര്‍ക്കായി അന്യസംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
അന്വേഷണം സി.ബി.ഐയ്‌ക്ക് വിടണമെന്നാവശ്യപ്പെട്ട് മകന്‍ എം മനീഷ് നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് എസ്പി പികെ മധു ഹൈക്കോടതിയില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കിയത്. 2006 ഏപ്രില്‍ 16 നാണ് വെണ്ണലയിലെ വസതിയില്‍ മിഥില മോഹന്‍ കൊല്ലപ്പെട്ടത്. ഒന്നാം പ്രതി കണ്ണനെന്ന സന്തോഷ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ രണ്ടാം പ്രതി ഡിണ്ടിഗല്‍ പാണ്ഡ്യന്‍ മുഖേന മതിവണ്ണനെയും ഉപ്പാളിയെയും കൊലപാതകം നടത്താന്‍ നിയോഗിച്ചു.
പാണ്ഡ്യന്‍ പിന്നീട് തമിഴ്‌നാട് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മതിവണ്ണനെയും ഉപ്പാളിയെയും കണ്ടെത്തേണ്ടതുണ്ടെന്നും ഇവര്‍ കൃത്യത്തിന് ഉപയോഗിച്ച ആയുധം, സഞ്ചരിച്ചിരുന്ന വാഹനം എന്നിവ കണ്ടെടുക്കണമെന്നും ക്രൈംബ്രാഞ്ചിന്റെ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.
















