കല്‍പ്പറ്റ: ഉത്തര കര്‍ണാടക ഗ്രാമമായ ഹംപിയിലെ അനധികൃതവും അശാസ്ത്രീയവുമായ ഖനനത്തിനെതിരെ വിദേശ പൗരന്‍ ഭാരത സര്‍ക്കാരിനു പരാതി നല്‍കുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഫ്രഞ്ച് പൗരനും ഫോട്ടോ ജേണലിസ്റ്റുമായ ജഫ്രി റോയിയാണ് പരാതി നല്‍കാനൊരുങ്ങുന്നത്.
ഖനന ലോബികള്‍ കരിങ്കല്‍ ഖനനത്തിന്റെ മറവില്‍ ചരിത്രാവശിഷ്ടങ്ങള്‍ തകര്‍ക്കുന്നതിനെതിരെ, ഇന്ത്യ വിടുംമുമ്പ് കേന്ദ്രസര്‍ക്കാരിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മേധാവിക്കും പരാതി നല്‍കുമെന്ന് ജഫ്രി പറഞ്ഞു. യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഹംപിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി.
തുംഗഭദ്രാനദിയുടെ തെക്കേക്കരയിലുള്ള ഹംപിയില്‍ ഏകദേശം 60 ചതുരശ്ര കിലോമീറ്ററിലാണ് ഖനനം (കല്ലുവെട്ടല്‍). ദിവസവും കുറഞ്ഞത് 300 ലോഡ് കല്ലാണ് ഇവിടെ നിന്ന് കയറ്റിപ്പോകുന്നത്. വനം, റവന്യൂ, ജിയോളജി വകുപ്പുകളുടെ മൗനാനുവാദത്തോടെയാണ് കല്ലുവെട്ടല്‍. ലോഡ് ഒന്നിന് 500 രൂപ നിരക്കില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയാണ് കല്ലുവെട്ടുന്നതെന്നാണ് തൊഴിലാളികള്‍ വെളിപ്പെടുത്തിയത്. ഹംപിയുടെ പൈതൃകം മനസിലാക്കാത്ത സാധാരണ തൊഴിലാളികളോട് പൊറുക്കാം.
പക്ഷേ, ഇവരെ ജോലിക്ക് നിയോഗിക്കുന്നവരോടും കൈക്കൂലി വാങ്ങി ഖനനത്തിനുനേരേ കണ്ണടയ്‌ക്കുന്നവരോടും ക്ഷമിക്കാനാകില്ല. ഹംപിയിലെ ഖനനത്തെക്കുറിച്ച് ഇന്ത്യയിലെ ഭരണാധികാരികള്‍ക്ക് പരാതി നല്‍കുന്നതിനൊപ്പം തന്റെ ‘ട്രാവല്‍ ആന്‍ഡ് റോള്‍’ എന്ന ബ്ലോഗില്‍ ശക്തമായ ഭാഷയില്‍ എഴുതുമെന്നും ജഫ്രി പറഞ്ഞു.
















