ഇടുക്കി: ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി കയ്യേറിയ സംഭവത്തില്‍ ഇടുക്കി കളക്ടര്‍ ഇറക്കിയ പുതിയ ഉത്തരവ് വിവാദത്തില്‍. കുരിശ് നീക്കം ചെയ്യാതെ കയ്യേറ്റം ഒഴിപ്പിച്ചാല്‍ മതിയെന്ന ഉത്തരവാണ് വിവാദത്തിലായത്. ഇന്നലെയാണ് ഇത് സംബന്ധിച്ച് കളക്ടര്‍ ഉത്തരവ് ഇറക്കിയത്.
ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് കുരിശ് നീക്കം ചെയ്ത് ഭൂമി ഒഴിപ്പിക്കണമെന്ന പുതിയ ഉത്തരവ് ഉടന്‍ പുറത്ത് ഇറക്കാന്‍ കളക്ടര്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. മാര്‍ച്ച് 3ന് ‘ജന്മഭൂമി’യാണ് ഈ കയ്യേറ്റം പുറത്ത് കൊണ്ടുവന്നത്. തുടര്‍ന്ന് മാര്‍ച്ച് 16ന് കയ്യേറ്റം ഒഴിപ്പിക്കാന്‍ ഉടുമ്പന്‍ചോല അഡീഷണല്‍ തഹസീല്‍ദാര്‍ പാപ്പാത്തിച്ചോലയില്‍ എത്തിയിരുന്നു. കയ്യേറ്റക്കാര്‍ തഹസീല്‍ദാരെ തടയുകയും പിന്നീട് മന്ത്രി എം എം മണി ഇടപെട്ട് റവന്യൂ സംഘത്തെ മടക്കി അയയ്‌ക്കുകയായിരുന്നു.
കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തുന്നവരെ കൈകാര്യം ചെയ്യുമെന്നാണ് ഭൂമാഫിയ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കയ്യേറ്റം ഒഴിപ്പിക്കാതെ ജില്ലാ ഭരണകൂടം ഒളിച്ച് കളിക്കുന്നതിനിടെയാണ് വിവാദ ഉത്തരവുമായി കളക്ടര്‍ രംഗത്തെത്തിയത്.
















