കൊച്ചി: തുടര്‍ച്ചയായി ആറുമണിക്കൂര്‍ ഗായത്രി വീണയില്‍ അത്ഭുതം സൃഷ്ടിച്ച ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി ഇനി ഡോക്ടര്‍ വൈക്കം വിജയലക്ഷ്മി. യു.കെ.യിലെ വേള്‍ഡ് റെക്കോര്‍ഡ് യൂണിവേഴ്‌സിറ്റിയുടേതാണ് ഓണററി ഡോക്ടറേറ്റ്.
ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡും ഒരേസമയം നേടിയതു പരിഗണിച്ചാണ് വിജയലക്ഷ്മിക്ക് ഡോക്ടറേറ്റ് നല്‍കുന്നതെന്ന് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് ദക്ഷിണേന്ത്യ പ്രതിനിധി വിവേക് രാജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെയും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെയും പുരസ്‌കാരങ്ങള്‍ വിവേക് രാജ വിജയലക്ഷ്മിക്ക് സമ്മാനിച്ചു.
വിജയലക്ഷ്മിയെ റെക്കോര്‍ഡിലേക്ക് നയിക്കാന്‍ സഹായിച്ച സംഗീത സംവിധായകന്‍ ആചാര്യ ആനന്ദ് കൃഷ്ണയ്‌ക്കും ചടങ്ങില്‍ പുരസ്‌കാരം നല്‍കി. എറണാകുളം പ്രസ് ക്ലബില്‍ നടന്ന പരിപാടിയില്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, വിജയലക്ഷ്മിയുടെ മാതാപിതാക്കളായ വി. മുരളീധരന്‍ വിമലാ മുരളീധരന്‍ എന്നിവരും പങ്കെടുത്തു. പുരസ്‌കാരം ഏറ്റുവാങ്ങിയ വിജയലക്ഷ്മി ഗാനവും ആലപിച്ചു.
















