തിരുവനന്തപുരം: ‘ഞാനൊരു അമ്മയല്ലേ… എന്റെ മകന് നീതി കിട്ടേണ്ടേ…’ ഇതായിരുന്നു ആ അമ്മയുടെ വിലാപം. അത് പോലീസിന്റെ ബധിരകര്‍ണ്ണങ്ങളില്‍ കടന്നില്ല. ആ മാതൃവിലാപത്തെ ഭരണകൂടത്തിന്റെ ബൂട്ടുകള്‍ ചവിട്ടിയരച്ചു. റോഡിലൂടെ വലിച്ചിഴച്ചു.
സമരത്തെ പോലീസ് തടഞ്ഞപ്പോഴും മഹിജ നിശബ്ദയായിരുന്നു. എന്നാല്‍ തറയിലേക്ക് തള്ളിയിട്ടതോടെ ആ മാതൃ ഹൃദയം ഉണര്‍ന്നു. ‘ഞാനൊരു അമ്മയല്ലേ..എന്റെ മകന് നീതി കിട്ടേണ്ടേ..അവരെ കൊന്നവരെ രക്ഷിക്കുന്നത് നിങ്ങളല്ലേ…അവനെ കൊന്നപോലെ എന്നെയുംകൊല്ല്….’ ആവാക്കുകള്‍ മുഴുവിപ്പിക്കുംമുമ്പ് ആ അമ്മ ബോധരഹിതയായി.
പിന്നീട് പോലീസ് നടത്തിയത് നരനായാട്ടായിരുന്നു. ബൂട്ടിട്ട് മാരകമായി ചവിട്ടി. റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി.
വാഹനത്തിനുള്ളില്‍ വച്ച് പോലീസ് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുംചെയ്തു. ചെങ്കൊടിയേന്തി സമരം ചെയ്തതിന്റെ പേരില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന ജിഷ്ണുവിന്റെ അമ്മയക്കാണ് ഇടത് സര്‍ക്കാരിന്റെ തന്നെ ബൂട്ടിന് ഇരയാകേണ്ട് വന്നത്. അതും ഇഎംഎസ് സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികത്തില്‍. നീതികിട്ടുന്നതുവരെ നിരാഹാരം കിടക്കുകയാണ് ആ അമ്മ.
















