തൃശൂര്‍: കോര്‍പ്പറേഷന്‍ മിനിറ്റ്‌സ് രഹസ്യമായി തിരുത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. തൃശൂര്‍ കോര്‍പ്പറേഷനിലെ ഫയലുകളില്‍ തിരിമറി നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്ന് തദ്ദേശഭരണവകുപ്പുമന്ത്രി ഡോ. കെ.ടി.ജലീല്‍ ഇന്നലെ നിയമസഭയെ അറിയിച്ചു.
വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയാണ് വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. കൗണ്‍സിലില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത എല്‍ഡിഎഫ് അജണ്ടകള്‍ പാസ്സാക്കിയതായി കൃത്രിമ രേഖയുണ്ടാക്കുന്നതായും മിനിറ്റ്‌സില്‍ തിരുത്തലുകള്‍ വരുത്തുന്നതായുമാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.
മിനിറ്റ്‌സില്‍ അനധികൃതമായി തിരുത്തല്‍ വരുത്തിയെന്ന് വെളിപ്പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രിമുതല്‍ ചൊവ്വാഴ്ച ഉച്ചവരെ പ്രതിപക്ഷം കൗണ്‍സില്‍ ഹാളില്‍ കുത്തിയിരിപ്പ് നടത്തി. നിയമസഭയില്‍ മന്ത്രി ജലീല്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷമാണ് കോണ്‍ഗ്രസ്-ബിജെപി അംഗങ്ങള്‍ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.
കൗണ്‍സില്‍യോഗം അവസാനിച്ചശേഷം മിനിറ്റ്‌സില്‍ അനധികൃതമായി തിരുത്തലുകള്‍ വരുത്തി അജണ്ടകള്‍ പാസായെന്ന് അവകാശപ്പെടുകയാണ് ഭരണപക്ഷം ചെയ്തത്. നഗരത്തില്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിനായി റിലയന്‍സിന് വഴിവിട്ട് സഹായിച്ച സംഭവത്തിലും കോര്‍പ്പറേഷന്‍ രേഖകളില്‍ തിരിമറി നടത്തിയിട്ടുണ്ട്.
കൗണ്‍സില്‍യോഗത്തില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചാല്‍ ചര്‍ച്ചപോലും അനുവദിക്കാത്ത ധാര്‍ഷ്ട്യമാണ് ഇടതുപക്ഷം കാണിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അന്വേഷണം പ്രഖ്യാപിച്ചതോടെ സമരത്തിലായിരുന്ന പ്രതിപക്ഷാംഗങ്ങള്‍ ആഹ്ലാദപ്രകടനം നടത്തി പിരിഞ്ഞു.
















