അനന്യതാഭാവത്തിലെത്തുന്നവര്‍ ആചാരം വിട്ടാലും പ്രശ്‌നങ്ങളില്ലാ എന്നു പറഞ്ഞു. എന്നാല്‍ അന്യഭാവം നിലനില്‍ക്കുന്നവര്‍ ചിട്ടകളും ആചാരങ്ങളും വിട്ടാല്‍ അനുഭവം പതനമായിരിക്കും. സമൂഹം അവനെ ഭ്രഷ്ട് കല്‍പ്പിച്ചതുപോലെ ഒറ്റപ്പെടുത്തും.
ലൗകികജീവിതത്തിലുള്ള താല്‍പര്യം നിലനില്‍ക്കുമ്പോള്‍ തന്നെ ആചാരങ്ങള്‍ ലംഘിച്ചാല്‍ അവന്റെ മനസ്സ് അപഥ സഞ്ചാരത്തിലെത്തി ദുഷ്‌കര്‍മങ്ങളിലേക്ക് വഴുതിവീഴുകയും അരുതായ്‌മകള്‍ ചെയ്യാനും ആവര്‍ത്തിക്കാനും ഇടവരികയും ചെയ്യും. തന്മൂലം ഇഹലോകത്തിലും പരലോകത്തിലും എല്ലാ സുഖങ്ങളും നശിച്ച് ജന്മങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഇവര്‍ വറക്കാത്ത വിത്തുകളായതുകൊണ്ട് പുതിയ ജന്മങ്ങള്‍ക്കായുള്ള കര്‍മവാസനകളിലൂടെ കര്‍മഫലങ്ങള്‍ അനുഭവിച്ചുകൊണ്ടേയിരിക്കും.
ദേവീഭാഗവതത്തില്‍ ചന്ദ്രന്റെ അത്യാസക്തിയും അതിലൂടെ ആചാര്യപത്‌നീഭ്രമവുമെല്ലാമായി അധഃപതിക്കുന്ന സാഹചര്യത്തിലെത്തുന്നതും വിവരിച്ചിട്ടുണ്ട്. ശാസ്ത്രവും ശാസ്ത്രവൈരുദ്ധ്യവുമെല്ലാം ആചാര്യനില്‍ നിന്ന് പഠിച്ചത് ആചാര്യനുനേരെ തന്നെ പ്രയോഗിച്ച് പത്മാസുരന്റെ അവസ്ഥയിലേക്ക് അധഃപതിക്കുകയാണ്. അതിനുള്ള ശിക്ഷയായാണ് നിന്നെ ആരും ഗൗനിക്കാതെ പോട്ടെ എന്ന അവസ്ഥയിലേക്ക് ശ്രീഗണപതിയാല്‍ ശപിക്കപ്പെട്ടത്.
ചന്ദ്രന്‍ ശിക്ഷിക്കപ്പെട്ടെങ്കിലും പൂര്‍വജന്മസുകൃതം ബാക്കി കിടന്നതിനാലും ശ്രീഗണപതി ചന്ദ്രശേഖര പുത്രനായി കാരുണ്യവാനായി മനസ്സലിവു കാട്ടിയതിനാലും ശാപം ചതുര്‍ത്ഥി ദിനത്തിലേക്ക് മാത്രമായി വെട്ടിച്ചുരുക്കിക്കൊടുത്തു. ദക്ഷശാപത്തിനാല്‍ ക്ഷയരോഗിയായെങ്കിലും അത് മാസത്തില്‍ പകുതി ദിവസങ്ങളിലേക്കായി ചുരുക്കിക്കൊടുക്കാനിടവന്നതും പൂര്‍വജന്മസുകൃതം മാത്രം.
ശ്രീമഹാദേവന്റെ തിരുനെറ്റി രൂപമായതിനാലും വിരാട് പുരുഷന്റെ കണ്ണിന്റെ സ്ഥാനമായതിനാലും ചന്ദ്രക്കലക്ക് മഹാരുദ്രന്‍ ശിരസില്‍ സ്ഥാനംകൊടുത്ത് ചന്ദ്രശേഖരനായി. ദക്ഷിണാമൂര്‍ത്തി ഭഗവാനറിയാം തന്റെ ജ്യോതിഷശാസ്ത്രത്തില്‍ മനസ്സിന്റെ ചുമതലയും സ്ഥാനവും ഈ ചന്ദ്രനുള്ളതാണ് എന്ന്. മനസ്സിന്റെ ദൗര്‍ബല്യമാണ് ഈ ചന്ദ്രനിലൂടെ പ്രത്യക്ഷപ്പെട്ടതെന്നും ആ ലോകഗുരുവിന് ബോധ്യമുണ്ട്. മനസ്സ് എപ്പോഴും ചഞ്ചലമാണ്. എപ്പോഴൊക്കെ അഹങ്കാരത്തിന്റെ വിത്ത് മുളക്കാന്‍ തുടങ്ങിയാലും അപ്പോഴൊക്കെ മനസ്സ് വഴുതിപ്പോകും.
ഇങ്ങനെയുള്ളവര്‍ യഥാര്‍ത്ഥത്തില്‍ അനന്യതാ ഭാവത്തിലെത്തിയിട്ടില്ല. ഉപാസകന്‍ അടുക്കെയിരിക്കുന്നവന്‍ മാത്രമേ ആകുന്നുള്ളൂ. സാമിപ്യം എന്നത് ആചാരലംഘനത്താല്‍ അകല്‍ച്ചയുമാകാം. കഠിനപ്രയത്‌നത്താല്‍ ആ അടുപ്പം വീണ്ടുമുണ്ടാക്കാന്‍ ചിലപ്പോള്‍ പല ജന്മങ്ങള്‍ വേണ്ടിവന്നേക്കും. അതിനാല്‍ മനസ്സ് അധഃപതിക്കാതിരിക്കാനായെങ്കിലും ആചാരങ്ങള്‍ ശീലിക്കുന്നത് തന്നെ ഉചിതം.
















