പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം വികസനത്തിന് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ തിരുവനന്തപുരത്ത് സ്പോര്‍ട്സ് വകുപ്പ് മന്ത്രി എ. സി മൊയ്തീന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. സിന്തറ്റിക് ട്രാക്കിന് 10 കോടി അനുവദിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 7.20 കോടി അനുവദിച്ചിരുന്നെങ്കിലും ബഡ്ജറ്റില്‍ വകയിരുത്താതിരുന്നതിനാല് മറ്റ് അനുമതികള്‍ ലഭിച്ചിരുന്നില്ല. സിന്തറ്റിക് ട്രാക്കിന് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ദേശീയ ഗെയിംസിന്റെ വിദഗ്ദ്ധ സംഘത്തെ ഇന്നലത്തെ യോഗത്തില്‍ ചുമതലപ്പെടുത്തി.
അടുത്തിടെ നഗരസഭ മുന്‍കൈയെടുത്ത് സില്‍ക്കിലെ വിദഗദ്ധരെ എത്തിച്ച് സാധ്യതാ പഠനം നടത്തിയിരുന്നു. സ്പോര്‍ട്സ് കൗണ്‍സിലിനെ ഒഴിവാക്കി നടത്തിയ ഈ നീക്കം വലിയ വിമര്ശനത്തിനിടയാക്കുകയുണ്ടായി.
മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തുക ഉയര്‍ത്താനും പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കാനും തീരുമാനിച്ചത്. സ്റ്റേഡിയത്തിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ജൂണ്‍ ആദ്യവാരം ജില്ലയില്‍ യോഗം നടത്തി പദ്ധതി തയ്യാറാക്കും. ഇത് വേഗം സര്‍ക്കാരിനു സമര്‍പ്പിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്കി.
വീണാ ജോര്‍ജ് എം.എല്‍.എ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, സെക്രട്ടറി പി. സി. സെബാസ്റ്റ്യന്‍, നഗരസഭാ അദ്ധ്യക്ഷ രജനി പ്രദീപ് തുടങ്ങിയവരാണ് ജില്ളയില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി. പി.ദാസന്, സെക്രട്ടറി സഞ്ജയ് കുമാര്‍, ദേശീയ ഗെയിംസ് അധികൃതര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: