ചെന്നൈ: പണമൊഴുക്കും ക്രമക്കേടുംമൂലം തമിഴ്‌നാട്ടിലെ ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് മാറ്റിയേക്കും. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ആര്‍കെ നഗറില്‍ വന്‍തോതില്‍ പണമൊഴുകിയത് സംബന്ധിച്ച് ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം തിങ്കളാഴ്ച ഉണ്ടായേക്കുമെന്നാണറിയുന്നത്.
സംസ്ഥാന ആരോഗ്യമന്ത്രി വിജയ്ഭാസ്‌ക്കറിന്റെയും നടന്‍ ശരത്കുമാറിന്റെയും വീട്ടില്‍ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ശശികല നേതൃത്വം നല്‍കുന്ന എഐഎഡിഎംകെ ഓരോ വോട്ടര്‍മാര്‍ക്കും 4000 രൂപ വീതം നല്‍കിയതായിട്ടാണ് ആരോപണം.
റെയ്ഡില്‍ പിടിച്ചെടുക്കപ്പെട്ട രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയിരുന്നു. ആര്‍കെ നഗറിലെ 2,24,145 വോട്ടര്‍മാരെ ലക്ഷ്യമിട്ട് 89.5 കോടി രൂപ ഏഴ് മന്ത്രിമാരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തതായിട്ടുള്ള വിവരമാണ് പുറത്തായിരിക്കുന്നത്. അനധികൃത സ്ഥലംമാറ്റങ്ങളിലൂടെ നടന്ന അഴിമതിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായിട്ടുള്ള നിയമവിരുദ്ധ ബന്ധവും ഇതിനായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയിരുന്നു.
12ലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ആവശ്യപ്പെട്ടു. സംഭവം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ആരോപണവിധേയരായ ഏഴ് മന്ത്രിമാരെ അയോഗ്യരാക്കണമെന്നും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ശശികലയുടെ മരുമകന്‍ ടിടിവി ദിനകരനാണ് ഇവിടെ ഡിഎംകെ സ്ഥാനാര്‍ത്ഥി.
















