വിവാദങ്ങളുടെ സംഗമ ഭൂമിയിലോ ഏഷണികളുടെ സാഹിത്യ ക്യാമ്പുകളിലോ പ്രൊഫ.എം.അച്യുതനെ കണ്ടിരുന്നില്ല. അതുകൊണ്ടു സ്വയം മാര്‍ക്കറ്റു ചെയ്യുന്ന ദുഷ് പരിപാടിക്കും അദ്ദേഹം നിന്നില്ല. നല്ല അധ്യാപകനും എഴുത്തുകാരനും അതിലേറെ നല്ല മനുഷ്യനുമായി ജീവിച്ചു തീരുകയായിരുന്നു അച്യുതന് മാഷ്.
മറ്റു എഴുത്തുകാരില്‍ പലരും ഗുണത്തിലേറെ ഒച്ചയും ബഹളവും വെച്ച് തങ്ങളിവിടെ ഉണ്ടെന്നു പ്രഖ്യാപിക്കുമ്പോള്‍ അച്യുതന് മാഷിന്റെ പുസ്തകങ്ങളാണ് അദ്ദേഹത്തെ പ്രഖ്യാപിച്ചിരുന്നത്. പുസ്തകങ്ങളുടെ എണ്ണം കൂടുതല്‍കൊണ്ട് വലിയ എഴുത്തുകാരനാകാതെ എണ്ണംകുറഞ്ഞ പുസ്തകങ്ങളിലൂടെ എഴുത്തുകാര്‍ക്കിടയിലെ അധ്യാപകനായിരുന്നു മാഷ്.കാരണം അദ്ദേഹം എഴുതിയ പുസ്തകങ്ങളെല്ലാം വായിക്കേണ്ടതു മാത്രമല്ല പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതുമാണ്.
അച്യുതന്‍മാഷ് വലിയ ഗവേഷകനായിരുന്നു. പഠനവും വായനയും തന്നെയായിരുന്നു അദ്ദേഹത്തിനു ഗവേഷണം. മാഷ് രചിച്ച പുസ്തകങ്ങള്‍ വായിച്ചാല്‍ അതു ബോധ്യമാകും.
സാഹിത്യ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പാഠ പുസ്തകങ്ങളാണ് മാഷിന്റെ രചനകള്‍. ചെറുകഥ ഇന്നലെ ഇന്ന്, പാശ്ചാത്യ സാഹിത്യ ദര്‍ശനം, നോവല്‍-പ്രശ്നങ്ങളും പഠനങ്ങളും എന്നിവ അത്തരം വിഷയങ്ങളില്‍ അഗാധ പഠനം നടത്തി രചിച്ചതാണ്.
പാശ്ചാത്യ സാഹിത്യ ദര്‍ശനം വശമില്ലാത്തവര്‍ക്ക് തുടക്കക്കാരെന്ന നിലയിലും മറ്റും നല്ലൊരു ഗൈഡാണ് പാശ്ചാത്യ സാഹിത്യ ദര്‍ശനം എന്ന പുസ്തകം. പാശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങളെക്കുറിച്ച് ഒരേകദേശ ധാരണ ഈ പുസ്തകം നല്‍കുന്നുണ്ട്.
അതുപോലെ ചെറുകഥയുടെ വിവിധ കാലങ്ങള്‍ എഴുത്തുകാര്‍ രചനകള്‍ സിദ്ധാന്തങ്ങള്‍ എന്നിവയെക്കുറിച്ചുള്ള നല്ലൊരു കൈപ്പുസ്തകത്തിന്റെ മൂല്യമുണ്ട് ചെറുകഥ ഇന്നലെ ഇന്നിന്.
നോവല്‍ നേരിടുന്നതും നോവല്‍ മുന്നോട്ടുവെക്കുന്നതുമായ പ്രശ്നങ്ങളും അവയെക്കുറിച്ചുള്ള വ്യത്യസ്ത ചിന്തകളും നിരീക്ഷണങ്ങളും ഉള്‍പ്പെടുന്ന നോവല്‍-പ്രശ്നങ്ങളും പഠനങ്ങളും വേറിട്ട ചിന്തകള്‍ നിറഞ്ഞ രചനയാണ്.ആയിരത്തി ഒന്നുരാവുകളുടെ പുനരാഖ്യാനവും ഏറെ വായിക്കപ്പെട്ടിട്ടുള്ളതാണ്.
വന്നുവന്നു നിരൂപണ രംഗത്ത് ശക്തിപ്രകടനം നടത്തിയ ആളല്ല അച്യുതന് മാഷ്. സ്ഫോടനാത്മകമായിത്തന്നെയായിരുന്നു ആ വരവ്.
കുട്ടികൃഷ്ണ മാരാരും മുണ്ടശ്ശേരിയും നിരൂപണ തട്ടകത്തില്‍ കത്തി നില്ക്കുമ്പോള് അവരെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള മാഷിന്റെ കടന്നു കയറ്റം പുതിയൊരു സാന്നിധ്യം അറിയിക്കുന്നതായിരുന്നു.എഴുത്തുകാരന്റെ ജാഡകളോ കുബുദ്ധിയോ ഇല്ലാത്ത ഒരു പരമ്പരയിലെ അപൂര്‍വ കണ്ണിയാണ് അച്യുതന് മാഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: