ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം കാണിക്കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിര്‍മ്മാതാക്കള്‍ക്ക് പോലും യന്ത്രത്തില്‍ കൃത്രിമത്വം കാട്ടാന്‍ കഴിയില്ലെന്നും കമ്മീഷന്‍ തുറന്നടിച്ചു. വോട്ടിംഗ് മെഷീന്‍ വിശ്വാസയോഗ്യമല്ലെന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് കമ്മീഷന്‍ ഇക്കാര്യം പറഞ്ഞത്.
വോട്ടിംഗ് മെഷീന്‍ ഹാക്ക് ചെയ്യാന്‍ സാധിക്കില്ല. മോഡല്‍ 1 വോട്ടിംഗ് യന്ത്രം 2006ലാണ് നിര്‍മ്മിച്ചത്. ആവശ്യമായ എല്ലാ സാങ്കേതിക സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2006 ന് ശേഷം നിര്‍മ്മിച്ച മോഡല്‍ 2 വോട്ടിംഗ് യന്ത്രം അധിക സാങ്കേതിക സവിശേഷതകള്‍ കൂടി ചേര്‍ത്താണ് നിര്‍മ്മിച്ചത്. ഇതിലും കൃത്രിമത്വം കാണിക്കാന്‍ കഴിയില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിംഗ് യന്ത്രങ്ങള്‍ കമ്പ്യൂട്ടര്‍ നിയന്ത്രണത്തിലുള്ളതല്ല. ഇത് തനിച്ച് ഒരു യന്ത്രം എന്നനിലയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റുമായോ മറ്റൊരു നെറ്റ്വര്‍ക്കുമായോ വോട്ടിംഗ് യന്ത്രങ്ങളെ ബന്ധിപ്പിച്ചിട്ടില്ല. അതിനാല്‍ ഹാക്കിംഗിന് ഒരു സാധ്യതയുമില്ല. വോട്ടിംഗ് യന്ത്രങ്ങളില്‍ യാതൊരുവിധ ഫ്രീക്വന്‍സി റിസീവറോ ഡീകോഡറോ ഉപയോഗിക്കുന്നില്ല. അതിനാല്‍ തന്നെ കൃത്രിമത്വം നടത്താന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.
വോട്ടിംഗ് യന്ത്രങ്ങള്‍ 2006 മുതല്‍ വിവിധ സംസ്ഥാനങ്ങളിലാണ് നിര്‍മിക്കുന്നത്. ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും ഭാരത് ഇലക്ട്രോണിക് ലിമിറ്റഡുമാണ് വോട്ടിംഗ് യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. ഒരു മണ്ഡലത്തില്‍ ഏതു സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത് ഇവര്‍ക്ക് അറിയില്ല. അതിനാല്‍ നിര്‍മാണ യൂണിറ്റില്‍ തിരിമറിനടത്താനുള്ള സാധ്യതയും കമ്മീഷന്‍ തള്ളിക്കളയുന്നു.
















