നരിക്കുനി: ജന്മനാടിന്റെ സ്‌നേഹത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞ് സുരഭി ലക്ഷ്മി. നാട്ടിലും തുടര്‍ന്ന് വീട്ടിലും ലഭിച്ച വരവേല്‍പ്പ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാര ജേതാവിനെ വീര്‍പ്പുമുട്ടിച്ചു.
അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ സലാലയിലായിരുന്നു. സുരഭിയെ ജന്മനാടായ നരിക്കുനി കാത്തിരിക്കുകയായിരുന്നു. നാടിന്റെ അഭിമാനമായ സുരഭിയെ പൊരിവെയിലത്തും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കാത്തിരുന്നു. ഉച്ചയ്‌ക്ക് 12.30ന് പടനിലത്തു നിന്ന് ബൈക്കുകളുടെ അകമ്പടിയോടെ സുരഭിയെ സ്വീകരിച്ചാനയിച്ചു. പഞ്ചായത്ത് ഓഫീസിലായിരുന്നു ആദ്യസ്വീകരണം. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബവിത, പഞ്ചായത്ത് അംഗങ്ങളായ ഇ. ഇല്ല്യാസ്, മുഹമ്മദ് ഫസല്‍, ഐ. ആമിന, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി വാസുദേവന്‍ നമ്പൂതിരി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി ശശീന്ദ്രന്‍, സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.സി. മോഹനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗ്രാമത്തിന്റെ യശസ്സ് ദേശീയ തലത്തിലുയര്‍ത്തിയ കലാകാരിയ്‌ക്കുള്ള അഭിനന്ദന പ്രവാഹം.
ചുരുങ്ങിയ വാക്കില്‍ ഹൃദയസ്പര്‍ശിയായി സുരഭി മറുപടി നല്‍കി. തന്നെ ജന്മനാട് ഇത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞതിലുള്ള സന്തോഷം അവരുടെ വാക്കുകളില്‍ നിറഞ്ഞു. പൊരിവെയിലിലും കാത്തുനിന്ന നാട്ടുകാര്‍ക്ക് അവര്‍ പ്രത്യേകം നന്ദി പറഞ്ഞു.
തുടര്‍ന്ന് പയ്യടിചാലില്‍ വീട്ടിലേക്കുള്ള യാത്രയിലും നിരവധി പേര്‍ അവരെ അനുഗമിച്ചു. വീടെത്താറായപ്പോള്‍ മുത്തശ്ശി ലക്ഷ്മി ഇറങ്ങിവന്ന് സുരഭിയെ കെട്ടിപ്പുണര്‍ന്നു. തനിക്ക് എന്നും പ്രചോദനവും പ്രോത്സാഹനവും മുത്തശ്ശിയായിരുന്നെന്ന് സുരഭി പറഞ്ഞു. അയല്‍ക്കാരുള്‍പ്പെടെ വലിയൊരു ജനക്കൂട്ടം സുരഭിയെ കാത്ത് വീട്ടിലുണ്ടായിരുന്നു. സുരഭിക്ക് ലഭിച്ച ദേശീയ അംഗീകാരം ആഘോഷമാക്കുകയാണ് നാട്. എം.കെ. രാഘവന്‍ എംപി, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ അഭിനന്ദനം അര്‍പ്പിക്കാന്‍ വീട്ടിലെത്തി.
















