തൊടുപുഴ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇടുക്കിയിലെത്തിയ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് സഹമന്ത്രി സി.ആര്‍ ചൗധരിയെ ജില്ലാ ഭരണകൂടം അപമാനിച്ചു.
മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം ശനിയാഴ്ച രാത്രി തൊടുപുഴയിലെ പൊതുമാരാമത്ത് വകുപ്പിന്റെ ഗസ്റ്റ് ഹൗസിലാണ് മന്ത്രി തങ്ങിയത്. മന്ത്രി എത്തി മിനിറ്റുകള്‍ക്കകം ഗസ്റ്റ് ഹൗസിലെ വൈദ്യുതി ബന്ധം നിലച്ചു. ഈ സമയത്ത് മന്ത്രി താമസിക്കുന്ന മുറി ഇരുട്ടിലായി. ഗസ്റ്റ് ഹൗസില്‍ എമര്‍ജന്‍സി ലൈറ്റ് പോലും ഉണ്ടായിരുന്നില്ല. പിന്നീട് അടുത്ത വീട്ടില്‍ നിന്ന് ബിജെപി പ്രവര്‍ത്തകരാണ് എമര്‍ജന്‍സി ലൈറ്റ് എത്തിച്ചത.്
കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം മുന്‍കൂട്ടി അറിയിച്ചിട്ടും പൊതുമാരാമത്ത് വകുപ്പ് ജനറേറ്റര്‍ കരുതിയില്ല. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തതുമില്ല. ഇതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഗസ്റ്റ് ഹൗസിനുള്ളിലെ തകരാറാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്ന് പറഞ്ഞ് അവര്‍ മടങ്ങി. ജില്ലാകളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.
പിന്നീട് ബിജെപി പ്രവര്‍ത്തകര്‍ ഇലക്ട്രീഷ്യനെ വിളിച്ചുവരുത്തിയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. ഒന്നേമുക്കാല്‍ മണിക്കൂര്‍ മന്ത്രി ഇരുട്ടില്‍ കഴിഞ്ഞു. മന്ത്രി ഇരുട്ടില്‍ കഴിയുന്നതറിഞ്ഞ് നരവധി ബിജെപി പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ഗസ്റ്റ് ഹൗസിനുള്ളില്‍ നിലയുറപ്പിച്ചിരുന്നു.
കേന്ദ്രമന്ത്രി എത്തുന്ന വിവരം മുന്‍കൂട്ടി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടും ഒരുക്കങ്ങള്‍ നടത്താതിരുന്നത് ജില്ലാഭരണകൂടത്തിന്റെ വീഴ്ചയാണ്. പ്രശ്‌നം രൂക്ഷമായിട്ടും ജില്ലാകളക്ടര്‍ ഫോണെടുക്കാനോ മന്ത്രിയുമായി സംസാരിക്കാനോ തയ്യാറാകാത്തതും വീഴ്ചയാണ്. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരാണ് സംഭവത്തിലെ മുഖ്യ കുറ്റക്കാരെന്ന് കാട്ടി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു.
















