കൊച്ചി: തൊഴിലാളി വര്‍ഗത്തിന്റെ കുത്തക അവകാശപ്പെടുന്ന ഇടതു സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ മുഖം ഒരിക്കല്‍ കൂടി പുറത്തുവന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളക്കുടിശ്ശിക പലിശ സഹിതം കൈയ്യില്‍ കൊടുക്കുമെന്ന് പറഞ്ഞ് മോഹിപ്പിച്ച ശേഷം അവസാന നിമിഷം ചതിച്ചു. മുന്‍ പ്രഖ്യാപനത്തില്‍ നിന്ന് വ്യത്യസ്തമായി കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. ജനകീയ സര്‍ക്കാരെന്ന കപട മൂടുപടവുമണിഞ്ഞ് നില്‍ക്കുന്ന സര്‍ക്കാരിന്റെ കൊടിയ വഞ്ചനയാണിത്. ഇതിനെതിരെ ചെറുവിരല്‍പോലും അനക്കാനാകാതെ നട്ടെല്ല് വളച്ച് നില്‍ക്കുകയാണ് എന്‍.ജി.ഒ യൂണിയന്‍ അടക്കമുളള ഇടതു സംഘടനകള്‍.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതലാണ് വിതരണം ചെയ്തു തുടങ്ങിയത്. 2014 ജൂലായ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരുന്നു ശമ്പളം പരിഷ്‌ക്കരിച്ചത്. ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുമ്പോള്‍ കുടിശ്ശികയുടെ ഒരുവിഭാഗം പണമായി നല്‍കുന്നതായിരുന്നു കേരളത്തിലെ കീഴ്‌വഴക്കം. എന്നാല്‍, അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ ശമ്പള പരിഷ്‌ക്കരണത്തിന്റെ ബാധ്യത മുഴുവന്‍ അടുത്ത സര്‍ക്കാരിന് കൈമാറാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കുടിശ്ശിക പണമായി നല്‍കുന്നതും നീട്ടി. അതും പലിശസഹിതം നാല് ഗഡുക്കളായി നല്‍കുമെന്ന വാഗ്ദാനത്തോടെ. ചെറിയ എതിര്‍പ്പുണ്ടായെങ്കിലും സര്‍വീസ് സംഘടനകളും ജീവനക്കാരും ഇതങ്ങ് വിശ്വസിച്ചു.
2017, 18 വര്‍ഷങ്ങളില്‍ ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളിലായി ശമ്പള കുടിശ്ശിക ജീവനക്കാര്‍ക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് ആദ്യഗഡു ഈ മാസം നല്‍കണമായിരുന്നു. കുടിശ്ശികയ്‌ക്ക് എട്ട് ശതമാനം പലിശ നല്‍കുമെന്ന് അടുത്തിടെ ഉത്തരവുമിറക്കി. അപ്പോഴും ജീവനക്കാര്‍ പ്രതീക്ഷയിലായിരുന്നു. പക്ഷേ, എല്ലാം തകര്‍ത്തുകൊണ്ടാണ് മന്ത്രി തോമസ് ഐസക്കിന്റെ പുതിയ പ്രഖ്യാപനം.
കുടിശ്ശിക പി.എഫില്‍ ലയിച്ചപ്പോഴും ജീവനക്കാരെ കബളിപ്പിക്കാനുളള വക മുന്നോട്ട് വയ്‌ക്കാന്‍ മന്ത്രി മറന്നിട്ടില്ല. പി.എഫില്‍ ലയിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ പീരിഡ് പതിവാണ്. ശമ്പള കുടിശ്ശികയ്‌ക്ക് അതില്ലെന്നും ജീവനക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നുകൂടി തോമസ് ഐസക്ക് പറഞ്ഞിരിക്കുന്നു. ഇതിലെ തട്ടിപ്പ് ജീവനക്കാര്‍ക്ക് നന്നായി അറിയാം. പി.എഫില്‍ നിന്നും വായ്‌പയായി എടുത്താല്‍ പരമാവധി 36 തവണകളായി അടച്ചുതീര്‍ക്കണം. അപ്പോഴും പണം സര്‍ക്കാരിന്റെ പെട്ടിയില്‍ കിടക്കും. പി.എഫില്‍ നിന്ന് തിരിച്ചടയ്‌ക്കേണ്ടാത്ത വായ്‌പയെടുക്കാന്‍ കുറഞ്ഞത് 10 വര്‍ഷത്തെ സര്‍വീസുണ്ടാകണം.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌ക്കരണം എന്ന രീതി അവസാനിപ്പിച്ചുകൊണ്ടാണ് മുന്‍ സര്‍ക്കാര്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയത്. ശമ്പള കുടിശിക പൂര്‍ണമായും പി.എഫിലിടുമെന്ന പുതിയ കീഴ്‌വഴക്കംകൂടി ഇതോടൊപ്പം വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കിയിരിക്കുകയാണ്. യു.ഡി.എഫും എല്‍.ഡി.എഫും ചേര്‍ന്ന് നടത്തിയ ഒത്തുകളിയിലൂടെയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരെ ഒരുപോലെ വഞ്ചിച്ചിരിക്കുന്നത്.
2016 ജനുവരിയില്‍ 14.29 ശതമാനം ശമ്പള വര്‍ധനയോടെ കേന്ദ്ര സര്‍ക്കാര്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയിരുന്നു. കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയായി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍, കുറഞ്ഞ അടിസ്ഥാന ശമ്പളം 16,500 രൂപയാക്കുകയും ആനുകൂല്യം പരമാവധി കുറച്ചുമായിരുന്നു കേരളത്തിലെ പരിഷ്‌ക്കരണം. ഇതിനൊപ്പമാണ് അര്‍ഹമായ ആനുകൂല്യം കൂടി ഇല്ലാതാക്കിയിരിക്കുന്നത്.
















