കൊച്ചി: സംസ്ഥാനത്തെ കണ്‍സ്യൂമര്‍ഫെഡിന്റെ മുഴുവന്‍ മദ്യവില്‍പ്പനശാലകളും ആറു മാസത്തിനുള്ളില്‍ ശീതീകരിക്കാന്‍ തീരുമാനം. ആദ്യഘട്ടമായി പ്രീമിയം കടകളും തുടര്‍ന്ന് ശേഷിക്കുന്ന കടകളുമാകും ശീതീകരിക്കുക.
ഇതോടൊപ്പം പ്രീമിയം മദ്യശാലകളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിനും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിനൊപ്പം വിദേശനിര്‍മ്മിത മദ്യം കൂടി വില്‍ക്കുന്നതിനുളള ലൈസന്‍സിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നതിനും കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചു.
സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡിന് ആകെ 39 മദ്യവില്‍പ്പനശാലകളാണുളളത്. ഇതില്‍ 29 എണ്ണം സുപ്രീം കോടതി വിധി പ്രകാരം മാറ്റി സ്ഥാപിക്കേണ്ടതാണ്. ഇതുവരെ 20 എണ്ണം മാത്രമാണ് മാറ്റിസ്ഥാപിച്ചിട്ടുളളത്.
കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകൾ വഴി വിമാനത്താവളങ്ങളിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളുടെ മാതൃകയില്‍ വിദേശനിര്‍മ്മിത മദ്യം വിപണനം ചെയ്യുന്നതിനും കണ്‍സ്യൂമര്‍ഫെഡ് പദ്ധതിയിടുന്നുണ്ട്. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ ലൈസന്‍സ് ലഭിക്കേണ്ടതുണ്ട്.
















