തിരുവനന്തപുരം: ചലച്ചിത്ര-സീരിയല്‍ താരവും കോമഡി ഷോകളിലെ നിറസാന്നിധ്യവുമായ അസീസ് നെടുമങ്ങാടിനെ ഒരു പരിപാടിയുടെ സംഘാടകര്‍ മര്‍ദ്ദിച്ചതായി പരാതി. വെള്ളറടയ്‌ക്കു സമീപം ചാമവിളയിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ടീം ഓഫ് ട്രിവാന്‍ഡ്രം എന്ന ട്രൂപ്പിലാണ് അസീസും സുഹൃത്തുക്കളും പരിപാടി അവതരിപ്പിക്കാന്‍ എത്തിയത്.
എന്നാല്‍, വിദേശത്തു നടന്ന രണ്ടു ദിവസത്തെ പ്രോഗ്രാം കഴിഞ്ഞു മടങ്ങിയെത്തിയ അസീസ് എത്തിയ വിമാനം വൈകിയതു മൂലം ഒന്നര മണിക്കൂര്‍ വൈകിയാണു പരിപാടിക്കെത്തിയത്.സ്ഥലത്തെത്തിയതോടെ അസീസിനെയും സുഹൃത്തുക്കളെയും 10 പേരടങ്ങുന്ന സംഘാടകര്‍ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി.
മര്‍ദനത്തിനിടയില്‍ ബോധരഹിതനായി താഴെ വീണ അസീസിന്റെ കര്‍ണപടം തകര്‍ന്നതായി പരാതിയില്‍ പറഞ്ഞു. മര്‍ദ്ദനത്തെ തുടര്‍ന്നു പ്രോഗ്രാം അവതരിപ്പിക്കാന്‍ വിസമ്മതിച്ച ട്രൂപ്പ് അംഗങ്ങളെ ഭീഷണിപ്പെടുത്തി പ്രോഗ്രാം നടത്തിയെന്നും കരാര്‍ പറഞ്ഞുറപ്പിച്ച 46,000 രൂപ നല്‍കിയില്ലെന്നും ട്രൂപ്പ് മാനേജര്‍ ബിജു പറഞ്ഞു.
സംഭവത്തില്‍ വെള്ളറട പൊലീസ് അസീസിന്റെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഇന്നലെ വൈകിട്ടോടെ അസീസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
















