ഭോപാല്‍: മെഡിക്കല്‍ ക്യാമ്പിന്റെ മറവില്‍ ഗ്രാമീണരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനത്തിനു പ്രേരിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍. അമര്‍സിങ് (35), കിശോര്‍ ബറേല (30), പ്രഭാകര്‍ ബറേല (39) എന്നിവരാണ് മധ്യപ്രദേശിലെ ഖന്ദ്വ ജില്ലയിലെ പിപ്‌ലോദ് ഗ്രാമത്തില്‍ അറസ്റ്റിലായത്. ഇവര്‍ ദല്‍ഹി ആസ്ഥാനമായ ഇന്ത്യ ഇവാഞ്ചലിക്കല്‍ സംഘത്തിലെ അംഗങ്ങളാണ്.
ഞായറാഴ്ചയാണ് സംഭവം. ക്യാമ്പില്‍ പങ്കെടുക്കാനെത്തിയവരോട് മതം മാറിയാല്‍ അസുഖം ഭേദമാകുമെന്ന് ഇവര്‍ പറഞ്ഞതായാണ് പരാതി. രാജു ബറേല എന്നയാളുടെ പരാതിയില്‍ നടപടിയെന്ന് പിപ്‌ലോദ എസ്‌ഐ ശിവറാം പതിദര്‍ പറഞ്ഞു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ഇന്നലെയാണ് വിവരം പുറത്തുവരുന്നത്.
അതേസമയം, മതം മാറ്റം നടന്നിട്ടില്ലെന്നും പരാതി കെട്ടിച്ചമച്ചതെന്നും ഇന്ത്യ ഇവാഞ്ചലിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജയ്‌സ് വര്‍ഗീസ് ന്യൂദല്‍ഹിയില്‍ പറഞ്ഞു. രണ്ടു വര്‍ഷത്തിനിടെ മതം മാറ്റവുമായി ബന്ധപ്പെട്ട് നാലു കേസുകള്‍ മധ്യപ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്തു. മധ്യപ്രദേശ് ധര്‍മ സ്വാതന്ത്ര്യ നിയമപ്രകാരമാണ് നടപടി.
















