അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിന് സമീപം പാക്കിസ്ഥാന്റെ ബോട്ട് തകര്‍ന്ന് മൂന്ന് പാക്കിസ്ഥാന്‍ മറൈന്‍ സെക്യൂരിറ്റി ഏജന്‍സി കമാന്‍ഡോകള്‍ മരിച്ചു. രണ്ട് പേര്‍ രക്ഷപ്പെട്ടു. ഒരാളെ കാണാതായതായാണ് വിവരം.
ഇന്ത്യന്‍ മേഖലയില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്‌ട്ര സമുദ്ര അതിര്‍ത്തി ലൈനില്‍ സമീപമാണ് അപകടമുണ്ടായത്. പാക്ക് കമാന്‍ഡോകളെ കാണാതായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ തീരദേശസേന ഗുജറാത്ത് പോലീസിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
അപകടമുണ്ടായ ഉടനെ ഇന്ത്യന്‍ തീരദേശസേനയുടെ കപ്പല്‍ അരിഞ്ജയ് കുതിച്ചെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. രക്ഷപ്പെടുത്തിയ രണ്ട് പേരെയും മരിച്ച മൂന്ന് കമാന്‍ഡോകളെയും പാക്കിസ്ഥാന് കൈമാറി. ഇതിന് നന്ദി സൂചകമായി ഏഴ് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പാക്കിസ്ഥാന്‍ വിട്ട് നല്‍കി. ഈ ബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയിലുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
പാക്കിസ്ഥാന്‍ മറൈന്‍ സെക്യൂരിറ്റി ഏജന്‍സി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അതിക്രമിച്ചു കടന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും, മത്സ്യബന്ധന ബോട്ടുകളും കടത്തിക്കൊണ്ടു പോകുന്നതില്‍ കുപ്രസിദ്ധി നേടിയതാണ്. ഈ മാസം നാലിന് ഗുജറാത്ത് തീരത്തെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുളളില്‍ നിന്നും ഇത്തരത്തില്‍ 65 മത്സ്യത്തൊഴിലാളികളെയാണ് അവരുടെ ബോട്ടുള്‍പ്പെടെ പാക്കിസ്ഥാന്‍ കമാന്‍ഡോകള്‍ കടത്തിക്കൊണ്ടു പോയത്.
















