കാഞ്ഞങ്ങാട്: സന്നദ്ധ സംഘടനയെ മറയാക്കി കാഞ്ഞങ്ങാട്ടെ ഇവന്മാനേജ്മെന്റ് അമ്പത് ലക്ഷം രൂപയുടെ ടിക്കറ്റ് വില്പന നടത്തി സംഘടിപിച്ച മെഗാഷോയുടെ മറവില്‍ സംഘാടകര്‍ നഗരസഭയെ നികുതിയിനത്തില്‍ വെട്ടിച്ചത് ലക്ഷങ്ങള്‍. കാഞ്ഞങ്ങാട് ജേസിസിന്റെ പേരില്‍ ഗള്‍ഫിലെ തട്ടിക്കൂട്ടിയ സംഘടനയായ റെഡ്ഫഌവേഴ്സും ബ്രാന്‍ഡ് ഇവന്‍സും സംഘടിപ്പിച്ച മെന്റലിസ്റ്റ് ആദി മെഗാഷോയുടെ പേരില്‍ കാഞ്ഞങ്ങാട് നഗരസഭയെ വെട്ടിച്ചത് പതിനേഴര ലക്ഷത്തോളം രൂപ. ചാരിറ്റി പ്രവര്‍ത്തനമെന്ന പേരിലാണ് ചിലര്‍ ജേസിസിനെ മറയാക്കി കാഞ്ഞങ്ങാട് ആകാശ് കണ്വെന്ഷന് സെന്ററില്‍ മെഗാഷോ സംഘടിപ്പിച്ചത്. അമ്പത് ലക്ഷം രൂപയുടെ ടിക്കറ്റ് വില്പന നടത്തിയെന്ന് സംഘാടകര്‍ തന്നെ പറയുന്നുണ്ടെങ്കിലും ഇതില്‍ എത്രയോ കൂടുതല്‍ തുകയാണ് സംഘാടകര്‍ പിരിച്ചെടുത്തത്. പൊതുമരാമത്ത് കോണ്‍ട്രാക്ടര്‍മാര്‍ വന്‍കിട റിസോര്ട്ടുകാര്, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍, മര മില്ലുടമകളെന്നിങ്ങനെയുള്ള നിരവധി പേരില്‍ നിന്നും കാസര്‍കോട് കണ്ണൂരില്‍ നിന്നുമായി ഗുണ്ടാ മോഡലിലാണ് പണം പിരിച്ചതെന്ന് ആരോപണമുണ്ട്. ചാരിറ്റി പ്രവര്‍ത്തനമെന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിച്ചാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും നികുതി ഒഴിവാക്കപ്പെടും. പിരിച്ചെടുക്കുന്ന പണത്തിന്റെ മുപ്പത്തിയഞ്ച് ശതമാനമാണ് മറ്റു പരിപാടികള്‍ക്ക് വിനോദ നികുതിയായി നല്‍കേണ്ടത്.എന്നാല്‍ നഗരസഭയുടെയോ നികുതി ഇളവിനുള്ള നഗരവികസന വകുപ്പിന്റെ ഉത്തരവോ ഇല്ലാതെയാണ് കാഞ്ഞങ്ങാട്ട് മെഗാഷോ നടന്നത്. അമ്പത് ലക്ഷം രൂപ പിരിച്ചെടുത്തതായി സംഘാടകര്‍ തന്നെ പറയുമ്പോഴാണ് പതിനേഴര ലക്ഷത്തോളം രൂപ നഗരസഭയ്ക്ക് നികുതിയായി അടക്കേണ്ടത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ഒരു മാസം മുമ്പ് തന്നെ നഗരസഭയില്‍ അപേക്ഷയോടൊപ്പം ഏതൊക്കെ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വ്യക്തമാക്കുകയും വേണം. പിന്നീട് കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി വെച്ച് ഇതിന് അംഗീകാരം നല്കി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എന്നാല്‍ ഈ നടപടി ക്രമങ്ങള്‍ ഒന്നും തന്നെ കാഞ്ഞങ്ങാട്ടെ മെഗാഷോയില്‍ ഉണ്ടായിട്ടില്ല. നഗരസഭയില്‍ നികുതി ഇളവിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും. രണ്ടു ദിവസത്തിനകം ഇത് ലഭ്യമാകുമെന്നുമാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍ പരിപാടി നടന്നതിനു ശേഷം ഒരു കാരണവശാലും നികുതി ഇളവ് നല്കാന് നിയമം അനുശാസിക്കുന്നില്ല. മാത്രവുമല്ല മുന്‍കൂര്‍ അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍ തന്നെ വിതരണം ചെയ്യുന്ന പാസിനും ടിക്കറ്റിനും നഗരസഭയുടെ സീലും പതിക്കണം. പരിപാടി വിവാദമാകുമെന്ന് തിരിച്ചറിഞ്ഞ നഗരസഭാ ചെയര്മാന് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. ഇന്ത്യയില്‍ തന്നെ ശ്രദ്ധേയരായ മെന്റലിസ്റ്റ് ആദിയും വയലിനിസ്റ്റ് ബാലഭാസ്കറും, മാന്ത്രികന് രാജമൂര്ത്തിയുംആകാശ് ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച വിസ്മയപരിപാടി മറയാക്കിയാണ് സംഘാടകര്‍ തട്ടിപ്പു നടത്തിയത്. കാഞ്ഞങ്ങാട്ടുകാരനായ ആദിയുടെ ആദ്യത്തെ സ്റ്റേജ് ഷോ ആയതിനാല്‍ സംഘാടകരെ തേടി പാസിനായി ആസ്വാദകരെത്തുകയായിരുന്നു. വിയര്‍പ്പൊഴുകാതെ പരിപാടി വന്‍വിജയമാകുമെന്ന് മനസിലായതോടെ ഇവന്റ്മാനേജ്മെന്റിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നഗരസഭയെപോലും വെല്ലുവിളിച്ച് അനധികൃതമായി പരിപാടി നടത്തുകയായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനായി ഫണ്ട് ഉപയോഗപ്പെടുത്തുമെന്നാണ് സംഘടകരായ സന്നദ്ധസംഘടന പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ സംഘടനാ ഭാരവാഹികള്‍ക്ക് പോലും പരിപാടിയുടെ പാസ് വില്പനയിലൂടെ ലഭിച്ച വരുമാനത്തെകുറിച്ച് യാതൊരുവിധ ധാരണയുമില്ല. പരിപാടിയുടെ പാസ് നഗരസഭയെ കൊണ്ട് സില്വെപ്പിക്കാത്തതിനാല് എത്ര പാസ് വിറ്റന്നെ കണക്കുപോലും ഇനി സംഘടകര്‍ക്ക് നഗരസഭയെ ധരിപ്പിക്കേണ്ടതുമില്ല. അനധികൃതമായി സംഘടിപ്പിച്ച മെഗാഷോക്ക് മുമ്പായി നഗരസഭാ ഉദ്യോഗസ്ഥര്‍ വേദിയിലെത്തി വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയപ്പോള്‍ തിങ്കളാഴ്ച നികുതിയിളവിന്റെ ഉത്തരവെത്തിക്കാമെന്ന ഉറപ്പില്‍ പരിപാടി നടത്താന്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ നഗരസഭ കൗണ്‍സില്‍ യോഗം ശുപാര്‍ശ ചെയ്യാതെ എങ്ങനെ അനുമതി ലഭിക്കുമെന്ന് പരിപാടി നിരീക്ഷിക്കാനെത്തിയ ഉദ്യോഗസ്ഥന് അന്വേഷിച്ചതുമില്ല. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ ഉത്തരവ് സംഘാടകര്‍ നഗരസഭയില്‍ ഹജരാക്കിയിട്ടില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇന്ന് നഗരസഭ കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. നഗരസഭ ചെയര്‍മാനുമായി അടുപ്പമുണ്ടെന്ന് സ്വയം അവകാശപ്പെടുന്ന ഒരു കോക്കസാണ് പരിപാടിയുടെ നിഴല്‍ സംഘാടകരെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: