കാസര്‍കോട്: പോലീസ് കസ്റ്റഡിയില്‍ വെച്ച് ഓട്ടോ ഡ്രൈവറായ സന്ദീപ് മരിക്കാന്‍ ഇടയായ സംഭവത്തില്‍ നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായ്കിനെ മാറ്റണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ് ആവശ്യപ്പെട്ടു. ജില്ലക്കു പുറത്തുള്ള വിദഗ്ധരും, സത്യസന്ധരുമായ മികവുറ്റ ഒരു അന്വേഷണ സംഘം രൂപീകരിച്ച് കസ്റ്റഡി മരണം സംബന്ധിച്ച കേസുകളില്‍ അന്വേഷണം നടത്തണം. നിലവില്‍ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്പര വിരുദ്ധമായ കഥകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഇത്തരത്തില്‍ കേസന്വേഷണം മുന്നോട്ടുപോയാല്‍ സന്ദീപിന്റെ കുടുംബത്തിന് നീതി ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിക്കൊണ്ടിരിക്കുകയാണ്. ആദ്യം ഹൃദയാഘാതമാണ് മരണ കാരണമെന്നും പിന്നീട് ആന്തരിക രക്തസ്രാവമാണ് മരണത്തിന് ഇടയാക്കിയതെന്നും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. സന്ദീപിനെ കസ്റ്റഡിയിലെടുത്തത് ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമാക്കിയിരുന്നുവെന്ന് സാക്ഷിമൊഴികളുണ്ട്. അത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്താതെ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാന്‍ തിടുക്കം കൂട്ടുകയാണ് നിലവിലുള്ള സംഘം. പോലീസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെ ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: