കാഞ്ഞങ്ങാട്: പെരിയ കായക്കുളം ശ്രീവിഷ്ണു ദേവസ്ഥാനത്തെ ഈ വര്‍ഷത്തെ കളിയാട്ട ഉത്സവം14 മുതല്‍ 17 വരെ നടക്കും. നാലുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന ഒറ്റക്കോല മഹോല്‍സവം ഈ വര്‍ഷത്തെ പ്രത്യേകതയാണ്. 16ന് രാത്രിയാണ് ഒറ്റക്കോലം.
14ന് വിഷു ദിവസം പുലര്‍ച്ചെ 4 മണിക്ക് വിഷ്ണു ദേവസ്ഥാനത്ത് വിഷുക്കണി. രാവിലെ 8ന് നടക്കുന്ന കലവറ നിറക്കല്‍ ഘോഷയാത്രയോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. വൈകുന്നേരം 4ന് പെരിയപെരിയോക്കി ശ്രീ ഗൗരീശങ്കര ക്ഷേത്രത്തില്‍ നിന്നും ശിങ്കാരിമേളം, മുത്തുക്കുട, പുരാണ വേഷങ്ങള്‍, യക്ഷഗാനവേഷങ്ങള് തുടങ്ങിയവ അണിനിരത്തികൊണ്ട് വിളംബര ഘോഷയാത്ര. വൈകുന്നേരം 7ന് കായക്കുളം താഴത്ത് വീട് തറവാട് കളരിയില്‍ നിന്ന് ദീപവും തിരി എഴുന്നള്ളത്ത്, 7.30ന് കലാമണ്ഡലം വാസുദേവന്‍ നമ്പീശന്റെ സോപാനസംഗീതം, രാത്രി 8ന് തെയ്യം കൊടുക്കല്‍ ചടങ്ങ്. തുടര്‍ന്ന് വിഷ്ണുമൂര്ത്തിയുടെ തിടങ്ങല്‍, പടിഞ്ഞാര്‍ ചാമുണ്ഡിയുടെ മോന്തിക്കോലം, വിഷ്ണുമൂര്ത്തിയുടെ കുളിച്ചേറ്റം.
15ന് രാവിലെ 11 മുതല്‍ വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ ചാമുണ്ഡി തെയ്യങ്ങള്‍ അരങ്ങിലെത്തും. 1ന് തെയ്യങ്ങളുടെ കൂടിപ്പിരിയല്‍, വൈകുന്നേരം 4ന് കാസര്‍കോട് ചിന്മയമിഷന് അവതരിപ്പിക്കുന്ന ഗീതോപാസന സത്സംഗം. രാത്രി 8ന് വിഷ്ണുമൂര്ത്തിയുടെ തിടങ്ങല്‍. തുടര്‍ന്ന് നാടുവാഴുന്നമ്മയുടെ തോറ്റം. രാത്രി 9ന് കായക്കുളത്തെ വനിതകള്‍ അണിനിരക്കുന്ന മെഗാ കോല്‍ക്കളിയുടെ അരങ്ങേറ്റം. തുടര്‍ന്ന് വിഷ്ണുമൂര്ത്തിയുടെ കുളിച്ചേറ്റം. രാത്രി 11ന് കുട്ടികളുടെ നൃത്തശില്പം, യോഗ്ചാപ്, കരോക്കെ ഗാനങ്ങള്‍, ഡ്രാമാറ്റിക് സ്കിറ്റ് .
16ന് രാവിലെ 11 മണി മുതല്‍ വിഷ്ണുമൂര്‍ത്തി, നാടുവാഴുന്നമ്മ, ഗുളികന് തെയ്യങ്ങളുടെ പുറപ്പാട്. വൈകുന്നേരം ഒറ്റക്കോലത്തിന് ആരംഭംകുറിച്ചുള്ള മേലരികൂട്ടല്, 7ന് വിഷ്ണുമൂര്ത്തിയുടെ തിടങ്ങലും മേലേരിക്ക് തീ കൊളുത്തല്‍ ചടങ്ങും. തുടര്‍ന്ന് വനിതകളുടെ മെഗാതിരുവാതിര, പുരുഷന്മാരുടെ കോല്‍ക്കളി. 11 ന് പനിയന് തെയ്യം അരങ്ങിലേത്തും.തുടര്‍ന്ന് നൃത്ത സംഗീത നാടകം അന്നപൂര്‍ണ്ണേശ്വരി. പുലര്‍ച്ചെ 3ന് വിഷ്ണു മൂര്‍ത്തിയുടെ അഗ്നി പ്രവേശം. തുടര്‍ന്ന് വടക്കേന്‍ വാതില്‍ ചടങ്ങോടു കൂടി കളിയാട്ടം സമാപിക്കും.
കളിയാട്ട ദിവസങ്ങളില്‍ എല്ലാ ദിവസവും രാവിലെ വിഷ്ണു സഹസ്രനാമ സ്തോത്ര പരായണം നടക്കും. ദേവസ്ഥാനത്ത് എത്തുന്നവര്‍ക്ക് ഉച്ചയ്ക്കും ഒറ്റക്കോല ദിവസം രാത്രിയും അന്നദാനവുമുണ്ടായിരിക്കുമെന്ന് ദേവസ്ഥാന കമ്മിറ്റി പ്രസിഡന്റ് പി.കെ.കുഞ്ഞിരാമന്, സെക്രട്ടറി കെ.വിജയന്, ആഘോഷക്കമ്മറ്റി ട്രഷറര്‍ കെ.ബാലചന്ദ്രന്, പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് എം.പി.കലാധരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: