ന്യൂദല്‍ഹി: കൊലപാതകത്തില്‍ ആനന്ദം കണ്ടെത്തുന്ന മനോരോഗികളാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. 1948ല്‍ ആര്‍എസ്എസ്സിന്റെ സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വള്‍ക്കറെ ആക്രമിച്ചാണ് കേരളത്തില്‍ സിപിഎം അസഹിഷ്ണുതാ രാഷ്‌ട്രീയത്തിന് തുടക്കമിട്ടതെന്നും നന്ദകുമാര്‍ പറഞ്ഞു. കേരളത്തിലെ സിപിഎം അക്രമത്തിനെതിരെ ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയനും യോഗക്ഷേമ ട്രസ്റ്റും സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു നന്ദകുമാര്‍.
രാഷ്‌ട്രീയ വൈരാഗ്യത്തിന് പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തിലെ മിണ്ടാപ്രാണികളെ ചുട്ടുകൊന്ന മൃഗീയതയാണ് സിപിഎമ്മിന്റെ പാരമ്പര്യം. മുഖ്യമന്ത്രി വിജയനും പാര്‍ട്ടി സെക്രട്ടറി ബാലകൃഷ്ണനും കൊലക്കേസില്‍ പ്രതികളായിരുന്നു. കണ്ണൂരിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ചര്‍ച്ചകള്‍ക്ക് നാല് തവണ ആര്‍എസ്എസ് സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ സമാധാനത്തിന് സിപിഎം തയ്യാറായില്ല.
കേരളത്തിലേത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷമല്ല. സിപിഎമ്മിന്റെ ഏകപക്ഷീയ അക്രമങ്ങളാണ് അരങ്ങേറുന്നത്. എല്ലാ സംഘര്‍ഷങ്ങളിലും ഒരുഭാഗത്ത് സിപിഎമ്മാണ്. കോണ്‍ഗ്രസ്സിനും മുസ്ലിം ലീഗിനും പുറമെ ഇടത് സഖ്യത്തിലുള്ള സിപിഐക്ക് പോലും സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തില്‍ നിരവധി പ്രവര്‍ത്തകരെ നഷ്ടപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി വിട്ടതിന് 51 വെട്ട് വെട്ടിയാണ് ടിപി. ചന്ദ്രശേഖരനെന്ന ആര്‍എംപി നേതാവിന് സിപിഎം മറുപടി നല്‍കിയത്.
ഭരണഘടന കേരളത്തില്‍ ബാധകമല്ലേയെന്നാണ് കേന്ദ്രമന്ത്രിയോട് പയ്യന്നൂരില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ദേവാംഗന ചോദിച്ചത്. തന്റെ ഭാവിക്ക് കരുതലാകേണ്ടിയിരുന്ന അഛനെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് അണ്ടല്ലൂരിലെ സന്തോഷിന്റെ മകള്‍ വിസ്മയ ചോദിക്കുന്നു. പോലീസിന്റെ ഉപദ്രവം കാരണം പഠിക്കാന്‍ പോലും പറ്റുന്നില്ലെന്ന പരാതിയാണ് ശിവദ എംപിമാരോട് പങ്കുവെച്ചത്. ഇവരുടെ ആശങ്കകള്‍ എല്ലാ ജനാധിപത്യ വിശ്വാസികളുടേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദൈവത്തിന് പോലും നികത്താന്‍ സാധിക്കാത്ത നഷ്ടമാണ് കേരളത്തിലെ സംഘപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിട്ടുള്ളതെന്ന് വിജ്ഞാന്‍ ഭാരതി സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍ പറഞ്ഞു. എത്രനഷ്ടം സഹിച്ചാലും പിന്നോട്ടില്ല. ആശയപരമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇന്ത്യയില്‍ ഇല്ലാതാക്കും വരെ പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നടന്ന സെമിനാറില്‍ പ്രവീണ്‍ രാംദാസ്, ഡോ. നരേന്ദ്ര, അമിത് തന്‍വാര്‍ എന്നിവര്‍ സംസാരിച്ചു. സിപിഎം അക്രമത്തിലെ ഇരുപതോളം ഇരകളും സെമിനാറില്‍ പങ്കെടുത്തു.
















