പാലക്കാട് : ജില്ലയില്‍ അനധികൃതമായിപ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്ക് എതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പ്രോജക്ട് മാനെജര്‍ അറിയിച്ചു.
പൊതുജനങ്ങളുടെ ഇടയിലുളള വിശ്വാസ്യത ചൂഷണം ചെയ്ത് വിവിധ സ്ഥലങ്ങളില്‍ അനധികൃത അക്ഷയകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി . അക്ഷയ ഇ-കേന്ദ്രം, അക്ഷയ പൊതുജനസേവനകേന്ദ്രം തുടങ്ങിയ പേരുകളിലാണ് അക്ഷയ ജനങ്ങളുടെ ഇടയില്‍ അറിയപ്പെടുന്നത്. ഈ പേരുകള്‍ക്ക് സമാനമായ പേരുകള്‍ ഉപയോഗിച്ചും അക്ഷയയുടെ ബോര്‍ഡ് , ലോഗോ എന്നിവയ്ക്ക് സമാനമായവ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിച്ചും മറ്റുമാണ് ഈ സ്ഥാപനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നത്.
ഇത്തരം കേന്ദ്രങ്ങള്‍ യാതൊരു ഉത്തരവാദിത്വവുമില്ലാതെ അക്ഷയയിലെ സേവനങ്ങള്‍ക്ക് സമാനമായ സേവനങ്ങള്‍ ഓപ്പണ്‍ പോര്‍ട്ടല്‍ വഴി പൊതുജനങ്ങള്‍ക്ക് ചെയ്തുകൊടുത്ത് അവരില്‍ നിന്ന് കനത്ത ഫീസ് ഈടാക്കി ചൂഷണം ചെയ്യുന്നു. ഇത്തരം കേന്ദ്രങ്ങള്‍ വഴി ചെയ്തുകൊടുക്കുന്ന സേവനങ്ങളുടെ ഗുണമേന്മ കുറവാണെന്നത് കൂടാതെ ജനങ്ങള്‍ ഈ കേന്ദ്രങ്ങള്‍ വഴി നല്കുന്ന വ്യക്തിപരമായ വിവരങ്ങള്‍ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയുമുണ്ട്.
അക്ഷയ സെന്ററുകള്‍ നല്കുന്ന സേവനങ്ങള്‍, ഈടാക്കുന്ന ഫീസുകള്‍ എന്നിവ സംബന്ധിച്ച് പ്രധാന സ്ഥലത്ത് ബോര്‍ഡ് പ്രദര്‍ശിപ്പിക്കുക , പൊതുജനങ്ങളില്‍ നിന്നും അപേക്ഷകള്‍ പൂരിപ്പിച്ചു വാങ്ങി സൂക്ഷിക്കുക, അറിയാത്തവര്‍ക്ക് പൂരിപ്പിച്ച് കൊടുത്ത് ബന്ധപ്പെട്ട വകുപ്പിലേയ്ക്ക് അപേക്ഷകള്‍ നല്‍കുക, സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി കൊടുക്കുക, സേവനങ്ങള്‍ക്ക് ശേഷം അപേക്ഷകന് നല്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ മറ്റൊരാളില്‍ എത്തിച്ചേരാത്ത വിധം നശിപ്പിച്ച് കളയുക എന്നിവ അക്ഷയ കേന്ദ്രം നടത്തിപ്പുകാരുടെ പ്രധാന കടമയാണ്.
എന്നാല്‍ ഇത്തരം യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സ്വകാര്യ വ്യക്തികളും, സ്ഥാപനങ്ങളും അനധികൃത അക്ഷയകേന്ദ്രങ്ങള്‍വഴി പൊതുജനങ്ങള്‍ക്ക് ഇത്തരം സേവനം നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊതുജനങ്ങള്‍ ഇത്തരം വ്യക്തികളേയും സ്ഥാപനങ്ങളേയും സമീപിക്കുന്നതിലൂടെ പലതരത്തില്‍ വഞ്ചിക്കപ്പെടുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
യഥാര്‍ഥ അക്ഷയ സെന്ററുകളില്‍ അക്ഷയയുടെ ലോഗോയുള്ള ബോര്‍ഡും അക്ഷയ സെന്റര്‍ കോഡും മറ്റും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ അക്ഷയ വഴിയുള്ള സര്‍വീസുകള്‍ക്കായി സമീപിക്കുന്നത് യഥാര്‍ഥ അക്ഷയ കേന്ദ്രങ്ങളെ തന്നെയാണെന്ന് ഉറപ്പുവരുത്തണമെന്ന് അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ ദേവി.എസ്.നാഥ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: