കൊടുങ്ങല്ലൂര്‍: അഴീക്കോട് – മുനമ്പം ജങ്കാര്‍ അറ്റകുറ്റപണിയുടെ പേരില്‍ വീണ്ടും അഴിമതിക്കു കളമൊരുങ്ങുന്നു. ആഴ്ചകളായി സര്‍വീസ് നിര്‍ത്തി വെച്ച ജങ്കാര്‍ ഇനി ഓടണമെങ്കില്‍ ഒരു കോടിയിലധികം ചെലവഴിക്കണമെന്നാണ് ബന്ധപ്പെട്ടവരുടെ വാദം.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി നടത്തേണ്ട അറ്റകുറ്റപ്പണികള്‍ക്കാണ് ഇത്രയും തുക വേണ്ടത്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജങ്കാര്‍ നടത്തിപ്പ് സ്വകാര്യ കരാറുകാരനെ ഏല്‍പ്പിക്കുകയാണ് പതിവ്. ജങ്കാര്‍ നടത്തിപ്പിന്റെ ലാഭം കരാറുകാരനും അറ്റകുറ്റപണി നടത്തിപ്പ് ജില്ലാ പഞ്ചായത്തിനുമാണ്.
മുന്‍ ഭരണ സമിതിയുടെ കാലത്ത് സമാനമായ രീതിയില്‍ അറ്റകുറ്റപ്പണി നടത്തിയതിന്റെ പേരില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായി ആരോപണമുയര്‍ന്നിരുന്നു. പലവട്ടം റിപ്പയര്‍ നടത്തിയ തുകയുണ്ടെങ്കില്‍ പുതിയ ജങ്കാര്‍ വാങ്ങാമെന്നിരിക്കെ വീണ്ടും അറ്റകുറ്റപ്പണികള്‍ നടത്താനൊരുങ്ങുന്നതില്‍ സംശയമുയര്‍ന്നിട്ടുണ്ട്.
സമയാസമയങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്തിയിരുന്നെങ്കില്‍ ഇത്ര വലിയ തുക വിനിയോഗിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ചു വര്‍ഷം മുമ്പ് ഇവിടെ പാലം നിര്‍മ്മിക്കാന്‍ കല്ലിട്ടിരുന്നു.പിന്നീട് നടപടിയൊന്നുമുണ്ടായില്ല. പാലം യാഥാര്‍ത്ഥ്യമായാല്‍ ജങ്കാറിന്റെ ആവശ്യം തന്നെയില്ല.
















