കൊച്ചി: നടപ്പ് സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 25 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച് എവര്‍സ്റ്റോണ്‍ ഗ്രൂപ്പിന്റെ ഭാഗമായ മോഡേണ്‍ ഫുഡ് ഇന്‍ഡസ്ട്രീസ്.
ഈ ലക്ഷ്യത്തോടെ കമ്പനി പുതിയ ഉല്പന്നങ്ങള് വിപണിയിലെത്തിച്ചിട്ടുണ്ട്. ലോഗോയില്‍ മാറ്റം വരുത്തി ബ്രാന്റിങ് ശക്തിപ്പെടുത്തി. 2021 സാമ്പത്തിക വര്‍ഷത്തോടെ വരുമാനം നാല് മടങ്ങ് വര്‍ധിപ്പിച്ച് 1000 കോടിയാക്കാനാണ് ശ്രമമെന്ന് മോഡേണ്‍ ഫുഡ് ഇന്‍ഡസ്ട്രീസ് സിഇഒ അസീം സോണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ചപ്പാത്തി ഉല്പാദനത്തിലേക്ക് കടന്നതിനുശേഷം ഇതുവരെയായി 1.6 കോടി ചപ്പാത്തികള്‍ വില്പന നടത്തി. ഇതിന്റെ 90 ശതമാനവും കേരളത്തിലായിരുന്നു. പോഷക ഗുണമേറിയതും ഔഷധച്ചേരുവകളുള്ളതുമായ ഉല്പന്ന മേഖലയില്‍ മോഡേണ്‍ ഫുഡ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചുവരികയാണെന്ന് സോണി പറഞ്ഞു. കാല്‍സ്യം സമ്പുഷ്ടമായ മില്ക്പ്ലസ് ബ്രെഡ്, ഗുണമേന്മയേറിയ ഗോതമ്പ് ഫൈബര്‍ ചേര്‍ത്ത ഹൈ-ഫൈബര്‍ ബ്രെഡ്, ഗോതമ്പ് മാത്രം ചേര്ത്തുല്പാദിപ്പിക്കുന്ന ഹോള്‍-വീറ്റ് ബ്രെഡ് എന്നിവയാണ് ഈ ഉല്പന്നങ്ങള്.
പുതുതായി അവതരിപ്പിക്കുന്ന മള്‍ടി ഗ്രെയ്ന്‍ സൂപ്പര്‍ സീഡ് ബ്രെഡിന്റെ പ്രത്യേകത അതിനു മുകളില്‍ സൂപ്പര്‍ സീഡ് വിതറിയിട്ടുണ്ട് എന്നതാണ്. ഏഴ് ധാന്യങ്ങളില്‍ നിന്ന് തയ്യാര്‍ ചെയ്യപ്പെട്ട ഈ ബ്രെഡിന്റെ മാവില്‍ ഒമേഗ 3-യും അടങ്ങിയിരിക്കുന്നു. തെക്കന്‍ കേരളത്തില്‍ വിപണന ശൃംഖല വിപുലീകരിക്കുന്നതിനും നടപടികളാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: