കോഴിക്കോട്: യു.എ. ഖാദറിന്റെ ജീവിതത്തെയും സാഹിത്യസംഭാവനകളെയും അടിസ്ഥാനമാക്കി തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല തയ്യാറാക്കിയ ഡോക്യുമെന്ററി മാമൈദിയുടെ മകന്‍, യു.എ. ഖാദര്‍: എഴുത്ത് ദേശം ജീവിതം കോഴിക്കോട്ട് പ്രദര്‍ശിപ്പിച്ചു.
കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. ജയകുമാര്‍ ആദരപ്രഭാഷണം നടത്തി. സാഹിത്യകാരന്‍മാരെക്കുറിച്ചുള്ള ഡോക്യുമെന്ററികളിലൂടെയും സാഹിത്യ വിവര്‍ത്തനങ്ങളിലൂടെയും മലയാള ഭാഷയെ ലോകത്തിനുമുന്നിലെത്തിക്കാനാണ് സര്‍വകലാശാലയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. എംബിഎ പോലുള്ള കോഴ്‌സുകള്‍ മലയാളത്തില്‍ തുടങ്ങാന്‍ സര്‍വകലാശാല തയ്യാറെടുക്കുന്നുണ്ടെന്നും മലയാള കൃതികള്‍ കൂടുതലായി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് മറ്റു ഭാഷകളിലേക്കെത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ. ഖാദര്‍, ഡോ. ഷംഷാദ് ഹുസൈന്‍, ഡോ.കെ.എം. ഭരതന്‍, ഡോ.എന്‍.വി മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.
എഴുത്തുകാരുടെ ജീവിതവും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തുന്നതിനുള്ള സര്‍വകലാശാലയുടെ സുവര്‍ണരേഖകള്‍ എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. യു.എ. ഖാദറുമായുള്ള സംഭാഷണത്തിലൂടെ മുന്നേറുന്ന ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് സര്‍വകലാശാല അസിസ്റ്റന്റ്‌പ്രൊഫസര്‍ ഡോ.എന്‍.വി. മുഹമ്മദ് റാഫിയാണ്. ബര്‍മക്കാരിയായ മാമൈദിയുടെ മകനായി ജനിച്ച് കേരളത്തിലെത്തിയ യു.എ. ഖാദറിന്റെ ജീവിതവും സാഹിത്യവുമാണ് ഡോക്യുമെന്ററി അടയാളപ്പെടുത്തുന്നത്.
















