കോഴിക്കോട്: ദേശീയ സബ്ജൂനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയര്‍ക്ക് തോല്‍വിയോടെ തുടക്കം. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ കേരളത്തെ ഒഡീഷ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കളിയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ നിലവിലെ റണ്ണറപ്പായ ഒഡീഷക്ക്‌വേണ്ടി ആദ്യപകുതിയുടെ 18-ാം മിനുട്ടിലും രണ്ടാംപകുതിയുടെ 63-ാം മിനുട്ടിലും സഞ്ചയ്‌ബെറ്റി ഇരട്ട ഗോളുകളും ആദ്യപകുതിയുടെ 28-ാംമിനുട്ടില്‍ പുരുഷോത്തം കര്‍ക്കതേയും ഗോളുകള്‍ നേടി. കേരളത്തിന് വേണ്ടി ആദ്യപകുതിയുടെ 42-ാം മിനുട്ടില്‍ ഹേമന്തിന്റെ ക്രോസില്‍ ഹെഡ്ഡറിലൂടെ അഭയ് ഷണ്‍മുഖനും രണ്ടാംപകുതിയുടെ അധികസമയത്ത് പകരക്കാരനായി ഇറങ്ങിയ കെ.പി. ഷിഫാസ് ബൈസിക്കിള്‍ കിക്കിലൂടെ രണ്ടാംഗോളും നോടി. മിസോറം, ഉത്തര്‍പ്രദേശ് , ഒഡീഷ എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് കേരളത്തിന്റെ സ്ഥാനം. ഇന്നലെ രാവിലെ നടന്ന ആദ്യമത്സരത്തില്‍ ഉത്തര്‍പ്രദേശും മധ്യപ്രദേശും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ കെഎഫ്എ വൈസ് പ്രസിഡന്റ കെ.പി. സണ്ണി, സെക്രട്ടറി പി. അനില്‍കുമാര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. ജെ. മത്തായി,കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇന്ന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ബംഗാള്‍ ഗോവയേയും തമിഴ്‌നാട് ഡല്‍ഹിയേയും നേരിടും. രണ്ട് മാച്ച് കമ്മിഷണര്‍മാരും 16 റഫറിമാരും ഉള്‍പ്പടെ 20 ഒഫീഷ്യല്‍സംഘമാണ് മത്സരം നിയന്ത്രിക്കാനെത്തിയത്.
ഇന്നലെ നടന്ന ഒഡീഷ കേരളം മത്സരം നിയന്ത്രിച്ചത് വനിതാ റഫറിമാരായിരുന്നു. രൂപദേവി റഫറിയും പിയാസ് ഭായി, റോഹലാംഗ് ധാര്‍ എന്നിവര്‍ അസി റഫറിമാരായിരുന്നു. കേരളം അവസാനമായി സബ്ജൂനിയര്‍ കിരീടം മുത്തമിട്ടത് കോഴിക്കോട്ട് വെച്ചാണ്. 1982ല്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലായിരുന്നു കിരീട നേട്ടം.
















