പേരാമ്പ്ര: കടിയങ്ങാട് പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന മലബാര്‍ കോണ്‍ക്രീറ്റ് പ്രൊഡക്ടിന്റെ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഷെഡിന് അജ്ഞാതര്‍ തീയിട്ടു.നിര്‍മ്മാണത്തിലിരിക്കുന്ന കട്ടിലകളും ജനലുകളും നശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. സംസ്ഥാന പാതയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഓലയും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ ഷെഡിനാണ് തീവെച്ചത്. ഇതിനിടയില്‍ കട്ടിലകളും ജനലുകളും നിര്‍മ്മിക്കുന്ന അച്ചും സ്റ്റാന്റും അടിച്ചു തകര്‍ത്ത നിലയിലുമാണ്.
രാത്രി ഇതുവഴി കടന്നു പോയ ഏതോ വാഹനം നിര്‍ത്താതെ ഹോണടിച്ചതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലുള്ളവര്‍ ഉണര്‍ന്നപ്പോഴാണ് തീ ഉയരുന്നത് കണ്ടത്. ഉടന്‍ പേരാമ്പ്ര ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ സേനാംഗങ്ങളും കിടന്നുറങ്ങുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തീയണക്കുകയായിരുന്നു. വാളൂര്‍ സ്വദേശി മന്നത്ത് ഗിരീഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
















