ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഭുവനേശ്വറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
ഭുവനേശ്വര്‍: ബംഗാള്‍ മുതല്‍ കേരളം വരെയുള്ള സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തുന്നതിന്റെ തന്ത്രങ്ങള്‍ക്കു രൂപം നല്‍കാനും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കള്‍ ചര്‍ച്ച ചെയ്യാനുമായി ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ തുടക്കം.
നിരവധി ദേശീയ പ്രക്ഷോഭങ്ങള്‍ക്കും ജനമുേറ്റങ്ങള്‍ക്കും വേദിയായ ജനതാ മൈതാനില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍വാഹക സമിതി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ്, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി എന്നിവര്‍ സന്നിഹിതരായിരുന്നു.
കിഴക്കന്‍ സംസ്ഥാനങ്ങള്‍ പിടിക്കാനുള്ള ബിജെപിയുടെ ‘ഈസ്റ്റ് പോളിസി’യുടെ തുടക്കമായാണ് ദേശീയ നിര്‍വാഹക സമിതിക്ക് ഒഡീഷ വേദിയായത്. നാല്‍പ്പതിലധികം കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരണ സംസ്ഥാനങ്ങളിലെ 13 മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, ദേശീയ നേതാക്കള്‍ അടക്കം മുന്നൂറിലധികം നേതാക്കളാണ് ചരിത്രം അലയടിക്കുന്ന പ്രാചീന കലിംഗ നഗരിയില്‍ എത്തിയിട്ടുള്ളത്. ബംഗാള്‍ മുതല്‍ കേരളം വരെയുള്ള സംസ്ഥാനങ്ങള്‍ പിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ തുടക്കമാണ് ഈ യോഗമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.
വൈകിട്ട് മൂന്നു മണിയോടെ സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണമാണ് ബിജെപി സംസ്ഥാന ഘടകം ഒരുക്കിയത്. ബിജു പട്‌നായിക് വിമാനത്താവളം മുതല്‍ യോഗസ്ഥലമായ ജനതാ മൈതാന്‍ വരെ ആയിരക്കണക്കിന് ജനങ്ങള്‍ അണിനിരന്നു. ബിജെഡിയുടെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിച്ചിരുന്ന ഒഡീഷയില്‍ ബിജെപിയുടെ വളര്‍ച്ച വ്യക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ.
ഇന്നലെ രാവിലെ പത്തിന് ദേശീയ ഭാരവാഹി യോഗം അമിത് ഷാ ഉദ്ഘാടനം ചെയ്തു. ദേശീയ സംഘടനാ സെക്രട്ടറി രാംലാല്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കി. അഞ്ചു മണിക്ക് നിര്‍വാഹക സമിതിക്കും തുടക്കമായി.
ഇന്ന് വൈകിട്ട് പ്രധാനമന്ത്രിയുടെ സമാപന സന്ദേശത്തോടെ രണ്ടു ദിവസത്തെ യോഗം സമാപിക്കും. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും ദേശീയ നിര്‍വാഹക സമിതിയില്‍ പ്രസംഗിക്കും. കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, എം. ഗണേശന്‍, ശോഭ സുരേന്ദ്രന്‍, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്നു.
















