സൂറത്ത്: സര്‍ക്കാരിന്റെ പ്രതിരോധ ആരോഗ്യ സംരംഭങ്ങളുടെ ഭാഗമാണ് സ്വച്ഛ ഭാരതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം സൂറത്തിലെ കിരണ്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ശുചിത്വത്തിന്റെ പ്രധാന്യം അറിഞ്ഞ് ഏവരും പ്രവര്‍ത്തിക്കുന്നതായി ആഗോളതലത്തില്‍ നടന്ന ആരോഗ്യ സര്‍വ്വേകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ സംഭാവനകള്‍ കുറവാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ സ്വച്ഛ ഭാരത് ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. സുചിത്വമെന്നത് ഒരു ശീലമായി സ്വീകരിച്ച സൂറത്ത് നഗരത്തെ കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൂറത്തിലെ സ്വകാര്യ ട്രസ്റ്റാണ് കിരണ്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി പണികഴിപ്പിച്ചത്. ജില്ലയിലെ തന്നെ വജ്രം നിര്‍മ്മിക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനവും മോദി നിര്‍വ്വഹിക്കും. ബാജിപുര ഗ്രാമത്തിലെ കന്നുകാലി ഫീഡ് പ്ലാന്റ്, ഐസ്ക്രീം പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും നവാ പാര്‍ഡിയിലെ പാലുല്പാദന കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും മോദി നിര്‍വ്വഹിക്കും.
തുടര്‍ന്ന് സില്‍വാസ സന്ദര്‍ശിക്കുന്ന മോദി അവിടെ ചില പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സൗരാഷ്ട്രയില്‍ നര്‍മദ അവതരണ് ജലസേചന പദ്ധതിക്ക് തുടക്കം കുറിക്കും. ഇത് രണ്ടാം തവണയാണ് ഗുജറാത്തില്‍ മോദി സന്ദര്‍ശനം നടത്തുന്നത്. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് മോദി ഗാന്ധിനഗര്‍ സന്ദര്‍ശിച്ചിരുന്നു.
















