‘തെന്മലയിലെ വന്മല’ എന്ന് ഭാവനാകുബേരനായ കവി പി. കുഞ്ഞിരാമന്‍ നായരാല്‍ പ്രകീര്‍ത്തിക്കപ്പെട്ട പണ്ഡിറ്റ് പി. ഗോപാലന്‍ നായരുടെ 148-ാം ജന്മദിനമാണ് ഏപ്രില്‍ 18. ആ മഹാപണ്ഡിതന്‍ ദിവംഗതനായിട്ട് അരനൂറ്റാണ്ടാകുമ്പോഴും (1968 ജനുവരി 17) അദ്ദേഹത്തിന്റെ സ്മരണയ്‌ക്ക് ഭാഗവതോത്തമന്മാരില്‍ മങ്ങലേറ്റിട്ടില്ല. ശ്രീമദ് ഭാഗവതത്തിന് രചിച്ച (9 വാല്യങ്ങളായുള്ള) ബൃഹത്തായ വ്യാഖ്യാനമാണ് ഇദ്ദേഹത്തിന് കീര്‍ത്തി നേടിക്കൊടുത്തത്. ഏകദേശം ഒരു വ്യാഴവട്ടക്കാലത്തിലധികം രാപകല്‍ ഭേദമില്ലാതെ അഹോരാത്രം പ്രയത്‌നിച്ചാണ് ഭാഗവതവ്യാഖ്യാനമെന്ന മഹത്തായ സംരംഭം പണ്ഡിറ്റ് ഗോപാലന്‍ നായര്‍ സഫലമാക്കിയത്.
ശങ്കരാചാര്യ സ്വാമിജിയുടെ ശതശ്ലോകി, വിദ്യാരണ്യ സ്വാമികളുടെ പഞ്ചദശി, അയ്യപ്പദീക്ഷിതരുടെ ആത്മാര്‍പ്പണം, തപോവന സ്വാമികളുടെ ബദരീശ സ്‌തോത്രം എന്നിവയ്‌ക്കെല്ലാം ഗോപാലന്‍ നായര്‍ വ്യാഖ്യാനം രചിക്കുകയുണ്ടായി. കൂടാതെ ബ്രഹ്മസൂത്ര ശങ്കരഭാഷ്യവും അദ്ദേഹം വ്യാഖ്യാനിച്ചു. സുദര്‍ശദണ്ഡപാണി സ്തുതി എന്ന സുബ്രഹ്മണ്യസ്‌തോത്രം, ശിവഗീതയെ അടിസ്ഥാനമാക്കി രചിച്ച കേരളാ ഭാഷാഗാനം എന്ന കിളിപ്പാട്ട് കൂടാതെ നാരദീയ പുരാണാന്തര്‍ഗതമായ ഹരിഭക്തി സുധോദയം, അവധൂത ഗീത, ശ്രീകാശ്യപ ക്ഷേത്രമാഹാത്മ്യം എന്നിവ കിളിപ്പാട്ട് വൃത്തത്തില്‍ രചിക്കുകയുണ്ടായി. ശ്രീവിവേകാനന്ദ വിജയം, സുധോദയം തുടങ്ങിയ ലഘുകാവ്യങ്ങളും ശാശ്വതധര്‍മ്മം, അഹിംസാ പരമോ ധര്‍മ്മഃ ധര്‍മസ്വരൂപനിരൂപണം തുടങ്ങിയ ഗദ്യരചനകളും ഗോപാലന്‍നായരുടേതായിട്ടുണ്ട്.
കൃതഹസ്തനായ ഗ്രന്ഥകാരന്‍ എന്നതിനു പുറമേ പ്രഗത്ഭനായ പ്രഭാഷകന്‍ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. കൊച്ചി മഹാരാജാവ് ‘സാഹിത്യകുശലന്‍’ എന്ന ബഹുമതി നല്‍കി ഗോപാലന്‍ നായരെ ആദരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തില്‍ സംസ്‌കൃത പണ്ഡിതന്മാരെ തിരഞ്ഞെടുത്തപ്പോള്‍ ഗോപാലന്‍ നായരെയാണ് ആദ്യമായി കേരളത്തില്‍നിന്നും കണ്ടെത്തിയത്.
1869 ഏപ്രില്‍ 18 ന് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് പുത്തന്‍വീട്ടില്‍ മീനാക്ഷിയമ്മയുടെയും കിഴക്കെ ഗ്രാമത്തില്‍ അനന്തനാരായണ ഭട്ടരുടെയും മകനായി ഗോപാലന്‍ നായര്‍ ജനിച്ചു. ഔപചാരിക വിദ്യാഭ്യാസം അധികമില്ലെങ്കിലും ചില ആചാര്യന്മാരില്‍നിന്നും സംസ്‌കൃതത്തില്‍ അഗാധമായ പാണ്ഡിത്യം അദ്ദേഹം നേടി. സ്വന്തമായി ഒരു വിദ്യാലയം സ്ഥാപിച്ച് അവിടെ പ്രഥമാദ്ധ്യാപകനായി പ്രവര്‍ത്തനനിരതനായിരുന്ന കാലത്താണ് പണ്ഡിറ്റ് പരീക്ഷ പാസ്സാകുന്നത്. കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂളില്‍ പണ്ഡിറ്റ് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ധര്‍മ്മപത്‌നിയും ഏകമകനും അകാലത്തില്‍ മരിച്ചതോടെ വേദാന്തപഠനത്തിലും ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തിലും മുഴുകിയ പണ്ഡിറ്റ് ഗോപാലന്‍ നായരുടെ സഫലജീവിതം മലയാളത്തിലെ ആത്മീയ ജിജ്ഞാസുക്കള്‍ക്ക് സുകൃതഫലമായിത്തീര്‍ന്നു.
















