ന്യൂദല്‍ഹി: വര്‍ണാഭമായ ദൃശ്യങ്ങളോടെ, ചടുലമായ സംഗീതത്തിന്റെ അകമ്പടിയില്‍ പ്രമുഖ സിനിമാ, സ്പോര്‍ട്സ് താരങ്ങളെ അണിനിരത്തി സ്ക്രീനില്‍ തെളിയുന്ന പരസ്യചിത്രങ്ങള്‍ കാണുമ്പോള്‍ സംശയം തോന്നിയിട്ടില്ലേ ഈ പറയുന്നതൊക്കെ സത്യമോ എന്ന്. പല പാനീയങ്ങളും കുടിക്കുന്നതായി ഭാവിച്ച് ദില്‍ മാംഗേ മോര് എന്നും മറ്റും താരങ്ങള്‍ പറയുമ്പോള്‍ സംശയിച്ചിട്ടില്ലേ, ഇതൊക്കെ ഇവരും കുടിക്കുന്നതോ എന്ന്? ഇപ്പോഴിതാ ഇത്തരം സംശയങ്ങളിലേക്ക് ഔദ്യോഗിക ഇടപെടല്‍.
തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കുന്നതിന് പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന കൗണ്‍സിലിന്റെ നോട്ടീസ്. 143 പരസ്യങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണെന്നാണ് അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേഡ്സ് കൗണ്‍സില്‍ ഒഫ് ഇന്ത്യ(എഎസിഐ) കണ്ടെത്തിയിരിക്കുന്നത്. എഎസിഐയുടെ ഉപഭോക്തൃ പരാതി സമിതിയാണ്(സിസിസി) ഈ കമ്പനികളോടു വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
ആപ്പിള്‍, കോക്കകോള, ഭാരതി എയര്‍ടെല്‍, നിവിയ, അമുല്‍, ഒപ്പെറ, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് തുടങ്ങിയ വമ്പന്‍ കമ്പനികളുടെ പരസ്യങ്ങള്‍ക്കാണ് എഎസിഐയുടെ ചുവപ്പുകാര്‍ഡ്. 191 പരാതികളാണ് ഇതു സംബന്ധിച്ച് കൗണ്‍സിലിനു കിട്ടിയത്. ആരോഗ്യ സംരക്ഷണ പരസ്യങ്ങളെക്കുറിച്ച് 102 പരാതികള്‍ ലഭിച്ചതായി കൗണ്‍സില്‍ വക്താവ് അറിയിച്ചു. വിദ്യാഭ്യസ രംഗത്തെ പരസ്യങ്ങളെക്കുറിച്ചുയര്ന്നത് ഇരുപതു പരാതികള്‍.
ആപ്പിളിന്റെ ഐഫോണ്‍ 7 പരസ്യത്തില്‍ തെറ്റായ ദൃശ്യങ്ങള്‍ കാണിക്കുന്നു എന്നായിരുന്നു പരാതി. ഇത് ന്യായമായ പരാതിയാണെന്നു കണ്ടെത്തിയാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഐഫോണ്‍ 7ന്റെ പരസ്യത്തില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം ഐഫോണ്‍7പ്ലസ് വേരിയന്റിന്റേതാണെന്ന പരാതി ഗൗരവമുള്ളതാണെന്നതിനാലാണ് നോട്ടീസ് നല്‍കിയത്. വേരിയന്റിന്റെ ചിത്രം നല്കിയ സാഹചര്യത്തില്‍ പരസ്യത്തില്‍ ആപ്പിള്‍ ഐഫോണ്‍ സീരീസ് എന്നു നിര്‍ബന്ധമായും ചേര്‍ക്കേണ്ടതായിരുന്നു.
തംസ് അപ്പിന്റെ പരസ്യത്തിന്റെ പേരിലാണ് കോക്ക കോള ഇന്ത്യക്ക് നോട്ടീസ്. നല്ല തിരക്കുള്ള നിരത്തിലൂടെ അമിതവേഗത്തില്‍ വാഹനമോടിക്കുന്ന പരസ്യമാണിത്. ഇത് പാനീയത്തെ എങ്ങിനെ പ്രമോട്ടു ചെയ്യും? എന്ന ചോദ്യമാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. മാത്രമല്ല ട്രാഫിക് നിയമങ്ങളെ ലംഘിക്കാനുള്ള പ്രേരണ ഈ പരസ്യം നല്‍കുമെന്നും നോട്ടീസില്‍ പറയുന്നു.
ഭാരതി എയര്‍ടെല്ലിന്റെ പരസ്യത്തില്‍ ഫ്രീ കോള്‍സ്, ലോക്കല്‍ പ്ലസ് എസ്റ്റിഡി എന്നു പറയുന്നു. എന്നാല്‍ 300 എംബി ഡേറ്റ കിട്ടാനുള്ള ഈ ഓഫറിനു 149 രൂപ നല്‍കേണ്ടിയും വരുന്നുണ്ട്. അപ്പോള്‍ ഫ്രീ എന്ന വാക്ക് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുണ്ടെന്നായിരുന്നു പരാതി. ഇതില്‍ കഴമ്പുണ്ടെന്നു കണ്ടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇ വാലറ്റ് എഎന്നാണ് മോബിക്വിക് ഇ വാലറ്റിന്റെ പരസ്യം. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതം എന്ന അവകാശം അതിശയോക്തിപരമല്ലേ എന്നായിരുന്നു എഎസിഐയുടെ ചോദ്യം. ഇതിനു കൃത്യമായ മറുപടി നല്കാന് കമ്പനിക്കു കഴിഞ്ഞില്ല.
വെണ്ണയുടെ പരസ്യത്തിലെ അപാകത കണ്ടെത്തിയാണ് അമുലിന് നോട്ടീസ് നല്‍കിയത്. എല്ലാ ഭക്ഷണത്തിനൊപ്പവും പാല് ഭക്ഷിക്കൂ എന്നാണ് അമുല്‍ ബട്ടറിന്റെ പരസ്യത്തില്‍ പറയുന്നത്. വൈറ്റമിന്‍ എയുടെ ഉപയോഗം അമിതമാകുന്നത് ഗുണകരമല്ല എന്നാണ് ഇതെക്കുറിച്ചുള്ള പരാതി.
കമ്പനികളുടെ വിശദീകരണം ലഭിച്ചതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേഡ്സ് കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: