കാഞ്ഞങ്ങാട്: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറികിയതോടെ ജില്ലകമ്മറ്റിയോഗം റദ്ദാക്കി. ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിലിന്റെ പ്രവര്‍ത്തനങ്ങളില്‍ എ-ഐ വിഭാഗങ്ങളില്‍ കടുത്ത എതിര്‍പ്പ് വന്ന സാഹചര്യത്തിലാണ് ഇന്നലെ നടക്കേണ്ടിയിരുന്ന ഡിസിസി യോഗം റദ്ദാക്കിയത്. മെയ് 15ന് കാഞ്ഞങ്ങാട്ട് ത്രിവര്‍ണ്ണ സാഗരം എന്ന പേരില്‍ സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനത്തെക്കുറിച്ച് ആലോചിക്കാനാണ് ഇന്നലെ രാവിലെ കാസര്‍കോട് ഡിസിസി ഓഫീസില്‍ ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ത്തത്. ആകെയുള്ള 26 പേരില്‍ ഐ ഗ്രൂപ്പിന്റെ 13 ഭാരവാഹികളും എ ഗ്രൂപ്പിലെ എട്ടുപേരും മൂന്ന് ബ്ലോക്ക് പ്രസിഡന്റുമാരും യോഗം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതോടെ യോഗം റദ്ദാക്കിയതായി തലേദിവസം രാത്രി ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍ അറിയിക്കുകയായിരുന്നു. ആകെയുള്ള 26 ഡിസിസി ഭാരവാഹികളില്‍ രണ്ടുപേരൊഴികെ മുഴുവന്‍ ഭാരവാഹികളും ഹക്കിം കുന്നിലിനെതിരെ പരസ്യ നിലപാടുമായി രംഗത്തു വന്നു. ബളാലില്‍ നിന്നുള്ള ഹരീഷ്.പി.നായര്‍, മഞ്ചേശ്വരത്തെ കേശവപ്രസാദ് എന്നിവര്‍ മാത്രമാണ് ഡിസിസി പ്രസിഡന്റിനോടൊപ്പമുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.സുധാകരന് ഉള്‍പ്പെടെയുള്ള നേതാക്കളെയും സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും ജില്ല മുഴുക്കെ പടുകൂറ്റന്‍ ഫഌക്സ് ബോര്‍ഡുകള്‍ ഉയരുകയും പരിപാടികളും സ്വയം തീരുമാനിക്കുകയും ചെയ്ത ശേഷം ആലോചിക്കാന്‍ യോഗം വിളിച്ചതാണ് ഐ ഗ്രൂപ്പിനെയും എ ഗ്രൂപ്പിലെ പ്രബല വിഭാഗത്തിനേയും ചൊടിപ്പിച്ചത്. യോഗം റദ്ദാക്കിയതോടെ മെയ് 15ന് കാഞ്ഞങ്ങാട്ട് നടക്കുന്ന കോണ്‍ഗ്രസ് ജില്ലാ സമ്മേളനം അനിശ്ചിതത്വത്തിലായി. ഡിസിസി പ്രസിഡന്റിന്റെ നിലപാടുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് ഐ വിഭാഗം രഹസ്യയോഗം ചേര്‍ന്നിരുന്നു. 13 ഡിസിസി ഭാരവാഹികളും ജില്ലയിലെ മുതിര്‍ന്ന കെപിസിസി അംഗങ്ങളും ബ്ലോക്ക്പ്രസിഡന്റുമാരും ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ മുഴുവന്‍ ഐ ഗ്രൂപ്പ് യോഗത്തില്‍ സംബന്ധിക്കുകയും ചെയ്തു. ഹക്കിം കുന്നിലിന്റെ നിലപാടുകള്‍ക്കെതിരെ കെപിസിസി നിര്‍വ്വാഹകസമിതി അംഗം പി.ഗംഗാധരന് നായര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. ഗംഗാധരന് നായരുടെ സാന്നിധ്യത്തില്‍ പെരിയയില്‍ എ വിഭാഗം ഡിസിസി ഭാരവാഹികള്‍ ഒത്തു ചേര്‍ന്നിരുന്നു. പെരിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി.രാമകൃഷ്ണനെ മാറ്റാനുള്ള നീക്കമാണ് പെരിയയിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഡിസിസി പ്രസിഡന്റായി ഹക്കിംകുന്നിലിനെ നിയമിച്ചതു മുതല്‍ ആരംഭിച്ച എ-ഐ വിഭാഗങ്ങല് തമ്മിലുള്ള ഗ്രൂപ്പ് പോര് ഇതോടെ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. സംസ്ഥാന നേതൃത്വം നിരവധി തവണ ഇടപെട്ടിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അണികള്‍ക്കിടയിലും ഗ്രൂപ്പ് പോര് മുറുകികൊണ്ടിരിക്കുകയാണ്. വരും നാളുകളില്‍ സഹകരണ സ്ഥാപനങ്ങിലേക്കുള്ള തെരെഞ്ഞെടുപ്പ് പോലും ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് കീറാമുട്ടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: