ന്യൂദല്‍ഹി: രാജ്യത്തെ റോഡു ഗതാഗത സുരക്ഷക്കായി കേന്ദ്ര സര്‍ക്കാരിന്റെ കര്‍ക്കശ നിയമങ്ങള്‍ വരുന്നു. വാഹനം ഇടിച്ച് കുഞ്ഞു മരിക്കാനിടയായാല്‍ നിര്‍ദ്ദിഷ്ട നിയമ പ്രകാരം ഡ്രൈവര്‍ക്ക് കുറഞ്ഞത് ഏഴുവര്‍ഷം വരെ തടവു ശിക്ഷകിട്ടും, ഒപ്പം മൂന്നു ലക്ഷം രൂപയുടെ പിഴയും. മദ്യപിച്ച് വാഹനമോടിച്ചാലാണ് ഏറ്റവും കൂടുതല്‍ ശിക്ഷ.
ഈ വര്‍ഷം തന്നെ നിയമമാക്കാനുദ്ദേശിക്കുന്ന ബില്ലിന്റെ കരടു തയ്യാറായിക്കഴിഞ്ഞു. ട്രാഫിക് നിയമങ്ങളുടെ ലംഘനത്തിന് ലൈസന്‍സ് റദ്ദാക്കലുള്‍പ്പെടെ ഒട്ടേറെ വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വാഹനങ്ങളുടെ നിര്‍മ്മാണത്തിലെ പിഴവിനും കാരണക്കാര്‍ക്കു ശിക്ഷ കിട്ടും. അഞ്ചുലക്ഷം രൂപയും തടവുമായിരിക്കും ശിക്ഷ. കേടുള്ള വാഹനം നിരത്തിലോടിക്കുന്നവര്ക്ക് സുരക്ഷിതമല്ലാത്ത വാഹനോപയോഗത്തിന്റെ പേരില്‍ ഒരു ലക്ഷം രൂപയും തടവു ശിക്ഷയും കിട്ടാം. ഉപരിതല ഗതാഗത വകുപ്പിന്റേതാണ് നിയമ നിര്‍മ്മാണം.
മദ്യപിച്ചു വാഹനമോടിക്കുന്നയാളിന് ഇനിമേല്‍ താക്കീതുകൊണ്ടൊന്നും രക്ഷപ്പെടാനാവില്ല. കാല് ലക്ഷം രൂപ പിഴ ഈടാക്കും. അതല്ലെങ്കില്‍ മൂന്നുവര്‍ഷം തടവു ശിക്ഷ കിട്ടും. രണ്ടാംവട്ടം പിടിക്കപ്പെട്ടാല്‍ പിഴ ഇരട്ടിയാകും, അര ലക്ഷം രൂപ. ഒരു വര്‍ഷം തടവും കിട്ടും. ഒരു വര്‍ഷത്തേക്കു ലൈസന്‍സും മരവിപ്പിക്കും. തുടര്‍ച്ചയായി മദ്യപിച്ചു വാഹനമോടിച്ച കേസില്‍ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കും, വാഹനം 30 ദിവസത്തേക്കു കണ്ടുകെട്ടും.
സ്കൂള്‍ വാഹനങ്ങള്‍ മദ്യപിച്ച് ഓടിച്ചു പിടിയിലാകുന്നവര്‍ക്ക് അരലക്ഷം രൂപ പിഴയിടും. മൂന്നു വര്‍ഷം തടവും കിട്ടും. 18-നും 25-നും വയസു പ്രായമുള്ളവര്‍ ഈ കേസില്‍ പിടിയിലായാല്‍ അപ്പോള്‍ത്തന്നെ ലൈസന്‍സ് റദ്ദാക്കും.
മൂന്നു തവണ ട്രാഫിക് സിഗ്നല്‍ ലംഘിച്ചാല്‍ 15,000 രൂപയാണ് പിഴ ചുമത്തുക. ഒരു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയും നിര്‍ബന്ധിത ശിക്ഷണത്തിന് അയക്കുകയും ചെയ്യുമെന്ന് ബില്‍ പറയുന്നു. ബില്‍ പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: