കോട്ടയം: കോട്ടയം മത്സരവള്ളംകളിക്ക് ഈ വര്‍ഷം മുതല്‍ 10 ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. താഴത്തങ്ങാടിയാറ്റില്‍ നടന്ന 115 ാമത് കോട്ടയം മത്സരവള്ളംകളി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണക്കാലത്ത് ആഘോഷങ്ങളുടെ ഭാഗമായി നടന്നുവരുന്ന വള്ളംകളി ഈ പ്രദേശത്തിന്റെ പരസ്പര സഹകരണത്തിന്റെയും കൂട്ടായ്‌മയുടെയും പ്രതീകം കൂടിയാണ്. വരും കൊല്ലങ്ങളിലും ഇത് വിജയകരമായി നടത്തുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ഉണ്ടാകും,അദ്ദേഹം പറഞ്ഞു.
വനം ഗതാഗത വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പതാകയുയര്‍ത്തി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കോട്ടയം താഴത്തങ്ങാടി വള്ളംകളി മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്,അദ്ദേഹം പറഞ്ഞു. വള്ളംകളിയോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ ജോസ് കെ മാണി എംപി പ്രകാശനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് അദ്ധ്യക്ഷനായിരുന്നു. താഴത്തങ്ങാടി ജുമാ മസ്ജിത് ഇമാം മുഹമ്മദ് അമീന്‍ അല്‍ഹസനി അനുഗ്രഹ പ്രഭാഷണം നടത്തി.
മുന്‍ എംഎല്‍എമാരായ തോമസ് ചാഴികാടന്‍, സ്‌കറിയ തോമസ്, തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് ചെങ്ങളം രവി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എലിസബത്ത് ജോമോന്‍, ജയ രാജേന്ദ്രന്‍, സിപിഐ സംസ്ഥാന കൗണ്‍സിലര്‍ അഡ്വ. വി.ബി ബിനു, കോട്ടയം എസ്എന്‍ഡിപി യൂണിയന്‍ വൈസ് പ്രസിഡന്റ് വി.എം. ശശി എന്നിവര്‍ പ്രസംഗിച്ചു. ജലോത്സവ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ കെ റ്റി വര്‍ഗീസ് സ്വാഗതവും കോട്ടയം വെസ്റ്റ് കഌബ് സെക്രട്ടറി ഷിബുരാജ് നന്ദിയും പറഞ്ഞു.
















