തിരുവനന്തപുരം: മഹീന്ദ്രയുടെ മള്‍ട്ടിബ്രാന്‍ഡ് കാര്‍ വില്പന കമ്പനിയായ മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീല്‍സ് ലിമിറ്റഡ് തലസ്ഥാനത്ത് മൂന്നാമത്തെ വിപണന കേന്ദ്രം തുറന്നു. മരിക്കാര്‍ മോട്ടോഴ്സുമായി ചേര്‍ന്ന് തിരുവനന്തപുരത്തെ ചാക്കയില്‍ ആരംഭിച്ച ആറായിരം അടി വിസ്തീര്‍ണമുള്ള ഷോറൂം മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീല്‍സ് സിഇഒ ഡോ.നാഗേന്ദ്ര പല്ലേ ഉദ്ഘാടനം ചെയ്തു.
ഈ വര്‍ഷം അവസാനത്തോടെ കേരളത്തിലെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 23 ല്‍ നിന്നും 30 ആയി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കൊച്ചി എന്നിവിടങ്ങളിലാണ് പുതിയ ഡീലര്‍ഷിപ്പുകള്‍ക്ക് ആലോചിച്ചിട്ടുള്ളത്. അടുത്ത രണ്ടു വര്‍ഷത്തിനകം രാജ്യത്തെ മെട്രോകളിലും രണ്ടാം നിര നഗരങ്ങളിലുമായി മൊത്തം 500 ഔട്ട്ലെറ്റുകളാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ 220 സ്ഥലങ്ങളിലായി 380 ഔട്ട്ലറ്റുകളാണ് കമ്പനിക്കുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 57,000 യൂസ്ഡ് കാറുകള്‍ കമ്പനി വിറ്റഴിച്ചു. 30% ആണ് വളര്‍ച്ച. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വളര്‍ച്ചാനിരക്ക് 35% ആണ്. സംസ്ഥാനത്തെ യൂസ്ഡ് കാര്‍വിപണിയില്‍ 15% വാര്‍ഷിക വളര്‍ച്ച നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രമുഖ വാഹന വിപണന കമ്പനിയായ മരിക്കാര്‍ മോട്ടോഴ്സുമായി മഹീന്ദ്ര ഫസ്റ്റ് ചോയീസ് വീല്‍സ് കൈകോര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഴയ വാഹനങ്ങള്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ 118 തലങ്ങളില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് നിശ്ചിത വാറണ്ടിയോടെ തങ്ങള്‍ വില്‍ക്കുന്നത്. യൂസ്ഡ് കാര്‍ പ്രൈസിങ്ങ് ഗൈഡായ ഇന്‍ഡ്യന്‍ ബ്ലൂബുക്ക് തേര്‍ഡ് പാര്‍ട്ടി വിലയിരുത്തലിനുള്ള ഓട്ടോ ഇന്‍സ്പെക്ട് എന്നിവയും കമ്പനി പുതുതായി ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീല്‍സുമായി ചേര്‍ന്ന് എല്ലാ ബ്രാന്‍ഡുകളുടെയും സര്‍ട്ടിഫൈഡ് കാറുകള്‍ക്കൊപ്പം, കാര്‍ ഫിനാന്‍സ്,ഇന്‍ഷൂറന്‍സ്, ആക്സസറീസ്, വാഹനസംബന്ധമായ രേഖകള്‍ തയ്യാറാക്കല്‍ തുടങ്ങി എല്ലാവിധ സഹായങ്ങളും ഒരു കുടക്കീഴില്തന്നെ ഒരുക്കുകയാണ് ലക്ഷ്യമെന്ന് മരിക്കാര്‍ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ സുള്‍ഫിക്കര്‍ മരിക്കാര്‍ പറഞ്ഞു.
കാര്‍, ട്രക്ക്, ബൈക്ക്, സ്കൂട്ടര്‍ തുടങ്ങിയവയുടെ കേരളത്തിലെ പ്രമുഖ വിപണനക്കാരായ മരിക്കാറിന് കേരളത്തിലും തമിഴ്നാട്ടിലുമായി 19 വിപണന കേന്ദ്രങ്ങളും 30 സര്‍വീസ് പോയിന്റുകളുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: