കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ചരിത്രം കുറിച്ച് ബിജെപി. നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു. സിപിഎം സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. സൗത്ത് ബഷീര്‍ ഹട്ട് മണ്ഡലത്തില്‍ ബിജെപിയുടെ ഷമിക് ഭട്ടാചാര്യ പ്രമുഖ ഫുട്ബോള്‍ താരവും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ദീപേന്ദു വിശ്വാസിനെ 1200ലേറെ വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. ഇതോടെ 294 അംഗ നിയമസഭയില്‍ ബിജെപിക്ക് ഒരംഗമായി.
സിപിഎമ്മിലെ നാരായണ്‍ മുഖോപാദ്യായയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ വിജയിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചൗരംഗി മണ്ഡലത്തില്‍ ബിജെപി രണ്ടാമതെത്തി. ഇവിടെ തൃണമൂല്‍ നേതാവ് നയന ബന്ദോപാധ്യായയാണ് ജയിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി റിതേഷ് തിവാരിയാണ് രണ്ടാമതെത്തിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ബംഗാളില്‍ രണ്ടു സീറ്റുകളില്‍ വിജയിച്ചിരുന്നു. തൊട്ടുപിന്നാലെ നിയമസഭയിലേക്ക് വിജയിച്ചത് പാര്‍ട്ടിയുടെ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്. പതിനഞ്ചു വര്‍ഷം മുന്‍പാണ് ബിജെപിക്ക് നിയമസഭയില്‍ ഒരു സീറ്റുണ്ടായിരുന്നത്. അടുത്ത വര്‍ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും 2016ല്‍ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേടിയ വിജയം പാര്‍ട്ടിക്ക് ഗുണകരമാകും.
സൗത്ത് ബഷീര്‍ ഹട്ടിലെ വിജയം ചില്ലറയല്ല. ബിജെപി മുന്നേറ്റം തടയാന്‍ പതിനേഴ് മന്ത്രിമാരെയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇവിടേക്ക് പ്രചാരണത്തിനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കാന്‍ അയച്ചിരുന്നത്. എന്നിട്ടും ബിജെപിയെ തടയാന്‍ തൃണമൂലിന് കഴിഞ്ഞില്ല. പാര്‍ട്ടിയിലെ രണ്ടാമനായ മുകുള്‍ റോയി തന്നെ ഇവിടെ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.
വോട്ടെണ്ണല്‍ ഏഴ് റൗണ്ടു കഴിഞ്ഞപ്പോള്‍ തൃണമൂല്‍ നേതാവ് ദീപേന്ദു വിശ്വാസ് പതിനായിരം വോട്ടുകള്‍ക്ക് മുന്പിലായിരുന്നു. പിന്നീടാണ് കളം മാറിയത്. ബിജെപി സ്ഥാനാര്‍ഥി പെട്ടെന്നാണ് മല്‍സരത്തിലേക്ക് മടങ്ങിവന്നത്. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടമായി. ഒടുവില്‍ ബിജെപി ജയിച്ചുകയറുകയായിരുന്നു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ നിയമസഭാ മണ്ഡലത്തില്‍ ബിജെപി മുന്നിലായിരുന്നു.മുന്‍പ് 99ല്‍ തൃണമൂലുമായി സഖ്യമുണ്ടായിരുന്ന സമയത്ത് ബിജെപിക്ക് ഒരു നിയമസഭാ സീറ്റ് ലഭിച്ചിരുന്നു.
ബംഗാളില്‍ സിപിഎമ്മിന് ബദലായി വളരുകയാണ് ബിജെപിയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: