പാലക്കാട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ച കോളജ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. ചിറ്റൂര്‍ തേന്പാറമടക്ക് സ്വദേശി ഷാജഹാന് എന്ന ഷാജുമോനെയാണ് (28) പാലക്കാട് അതിവേഗ കോടതി ജഡ്ജ് കെ.പി. ജോണ്‍ ശിക്ഷിച്ചത്. 50,000 രൂപ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കണമെന്നും കോടതി പറഞ്ഞു.
കഞ്ചിക്കോട് സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന കണക്കമ്പാറ തച്ചാട്ടുകളം മുകുന്ദന്റെ മകള്‍ അഞ്ജുഷയാണ് (18) കുത്തേറ്റ് മരിച്ചത്. 2009 ആഗസ്റ്റ് 18ന് ചിറ്റൂര്‍ തേന്പാറമടക്കിലാണ് സംഭവം നടന്നത്. കൂട്ടുകാരോടൊപ്പം കോളേജ് വിട്ട് കണക്കമ്പാറ ബസ്സ് സ്റ്റോപ്പില്‍ നിന്ന് വീട്ടിലേക്ക് നടക്കുമ്പോള്‍ തേന്പാറമടക്കില് വെച്ച് ബൈക്കിലെത്തി കത്തികാണിച്ച് കൂട്ടുകാരികളെ വിരട്ടിയോടിച്ച ശേഷം അഞ്ജുഷയുടെ കഴുത്തിലും വയറിലും കുത്തുകയായിരുന്നു.
നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ജുഷ മരിച്ചു. തുടര്‍ന്ന്, ചോരപുരണ്ട കത്തിയുമായി ഒരുമണിക്കൂറോളം റോഡില്‍ക്കിടന്ന ഷാജഹാനെ ചിറ്റൂരില്‍നിന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് വിഷദ്രാവകം കഴിച്ചിട്ടുണ്ടെന്ന് മനസ്സിലായത്. ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ഇയാളെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
പ്രണയാഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യംചെയ്തതിന് ഷാജഹാനെതിരെ അഞ്ജുഷയും വീട്ടുകാരും പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്നത്തെ ചിറ്റൂര്‍ സി.ഐ. ഷറഫുദ്ദീന്, എസ്.ഐ. ടി.പി. സുബ്രഹ്മണ്യന് എന്നിവരാണ് കേസന്വേഷിച്ചത്. അഞ്ജുഷയുടെ കൂട്ടുകാരിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായക തെളിവായി മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: