പാലക്കാട് : സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ പാലക്കാടിന്റെ തനിമ വിളിച്ചോതുന്ന കള്ള് വ്യവസായം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കേരളത്തിനാവശ്യമായ കള്ളിന്റെ 90 ശതമാനവും ചിറ്റൂര്‍ താലൂക്കില്‍ നിന്നാണ് ചെത്തുന്നത്. ഇതാകട്ടെ അഞ്ചുപഞ്ചായത്തുകളില്‍ നിന്നും.
എരുത്തേമ്പതി, വടകരപതി, നല്ലേപ്പിള്ളി, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളില്‍ നിന്നാണ ഏറ്റവും കൂടുതല്‍ കള്ള് ചെത്തുന്നത്. ആേേരാഗ്യത്തിനാവശ്യമായ ഔഷധ ഗുണങ്ങള്‍ നിറഞ്ഞ ശീതളപാനീയമാണിത്. എന്നാല്‍ പിന്നീടത് ഷാപ്പുകളിലേക്കെത്തുമ്പോള് വീര്യംകൂട്ടുന്നതിന് പലവിധ വസ്തുക്കളും ഉപയോഗിക്കുന്നുവെന്നുമാത്രം. രാജ്യത്ത് ഏറ്റവും കൂടുതല്‍ വരള്‍ച്ച നേരിടുന്ന പഞ്ചായത്തുകളായ എരുത്തേമ്പതിയിലും, വടക്കരപതിയിലുമാണ് കള്ളുത്പാദനം കൂടുതലെന്നതും വൈരുധ്യമാണ്. 1968-ലെ ഇഎംഎസ് മന്ത്രിസഭയാണ് കേരളത്തിലാദ്യമായി കള്ളുകൊണ്ടുവന്നതെന്ന് പഠനം നടത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു.
തെങ്ങ്, പന, എന്നിവയില്‍ നിന്നാണ് പ്രധാനമായി കള്ള് ഉത്പാദിപ്പിക്കുന്നത്. ഇവയുടെ വളര്‍ച്ചക്കാവശ്യമായ പതിനേഴുതരം മൂലകങ്ങള്‍ ഉള്ളത് ചിറ്റൂര്‍ താലൂക്കിലെ മണ്ണിലാണെന്നാണ് ഗവേഷകര്‍ തെളിയിച്ചിട്ടുള്ളത്. വരള്ച്ചകൂടുതലാണെങ്കിലും ഇളനീര് ഏറ്റവും കൂടുതല്‍ ഉദ്പാദിപ്പിക്കുന്നതും ഈ പ്രദേശത്താണ്. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് കുടിയേറി പാര്‍ത്തവരാണ് മിക്ക ചെത്തുതൊഴിലാളികളും. ഏകദേശം 5000ത്തില്‍ പരം കുടുംബങ്ങളുടെ ഉപജീവനമാര്‍ഗമാണിത്. ആയിരക്കണക്കിന് തൊഴിലാളികള്‍ ഇതുമായിബന്ധപ്പെട്ട് ജീവിക്കുന്നു.
രണ്ടുതരത്തിലുള്ള ചെത്തുകളാണ് ഇവിടെയുള്ളത് പാണ്ടിചെത്തും, ചെളിചെത്തും. തമിഴ്നാട്ടില്‍ നിന്നും വന്ന തൊഴിലാളികാളാണ് പ്രധാനമായും പാണ്ടിചെത്തു നടത്തുന്നത്. അളവ് കൂടുതലുള്ളതും വീര്യം കുറഞ്ഞതുമായ കള്ളാണ് ഇതില്‍ നിന്ന് ലഭിക്കുക, രാവിലെയും വൈകുന്നേരവുമായി നിത്യേന ഒരു തൊഴിലാളി 30 മുതല്‍ 50വരെ തെങ്ങുകളില്‍ കയറും ഇവയില്‍ നിന്നും 150നും 200നു മിടയില്‍ ലിറ്റര്‍ കള്ളും ലഭിക്കും.
തെക്കന്‍ ജില്ലകളില്‍ നിന്നും വന്ന തൊഴിലാളികളാണ് ചെളിചെത്തുനടത്തുന്നത്. അളവ് കുറവും വീര്യം കൂടിയതുമായ കള്ളാണ് ഇതില്‍ നിന്നും ലഭിക്കുക. മൂന്നുനേരങ്ങളില്‍ നിന്നായി 70 മുതല്‍ 100ലിറ്റര്‍ വരെ മാത്രമെ കള്ള് ലഭിക്കുകയുള്ളു. തൊഴിലാളികള്‍ക്ക് 12 തെങ്ങുകളെ കയറാന്‍ കഴിയു. പാണ്ടിചെത്തിന് 15രൂപയും, ചെളിചെത്തിന് 25രൂപയുമാണ്. സര്‍ക്കാര്‍ കണക്കുപ്രകാരം ഒരു തെങ്ങിന്റെ ഉത്പാദന ക്ഷമത ഒന്നര ലിറ്ററാണ്. ഒരു തെങ്ങിന് 30രൂപയാണ് നികുതി. ആറുമാസം കഴിയുമ്പോള്‍ ലൈസന്‍സ് പുതുക്കണം.
കായികാധ്വാനം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള മേഖലയാണിത്. ചെളിചെത്താണ് ഏറ്റവും കൂടുതല്‍ പ്രയാസകരമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ആറുമാസം തുടര്‍ച്ചയായി തെങ്ങില്‍ ചെളിചെത്തുപ്രയോഗിച്ചാല് അതിന്റെ സ്വാഭാവിക ഉത്പാദനശേഷി നഷ്ടപ്പെടും. അതെ സമയം പാണ്ടിചെത്തില് തെങ്ങിന്റെ പ്രത്യുത്പാദനശേഷി വര്‍ദ്ധിക്കുമെന്നും പറയുന്നു.
കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ കള്ളുത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സാധാരണയായി മഴകാലങ്ങളില്‍ കള്ളുത്പാദനം കൂടുകയും വേനല്‍ക്കാലത്ത് കുറയുകയുംചെയ്യും. എന്നാല്‍ ഇത്തവണയുണ്ടായ കടുത്ത വേനല്‍ കള്ളുത്പാദനം കുറയാന്‍ കാരണമായിട്ടുണ്ട്.
കരിമ്പനകളില്‍ നിന്നാണ് പനങ്കള്ള് ഉത്പാദിപ്പിക്കുന്നത്. തെങ്ങിന്‍കള്ളിനെ അപേക്ഷിച്ച് പനങ്കള്ളിന ഔഷധമൂല്യം കൂടുതലാണ്. ഇരുപതടിമുതല്‍ മുപ്പതടിവരെയാണ് പനയുടെ ശരാശരി ഉയരം. ദിനംപ്രതി പത്തുപരെ പനകളില്‍ മാത്രമെ ഒരു തൊഴിലാളികള്‍ക്ക് കയറാന്‍ കഴിയു കാലാവസ്ഥ അനുകൂലമാണെങ്കില്‍ 50ലിറ്റര്‍ വരെ കള്ളുലഭിക്കും ദിനംപ്രതി ഒന്നരലക്ഷം ലിറ്റര്‍ കള്ളാണ് മറ്റു ജില്ലകളിലേക്ക് ഇവിടെ നിന്നും കയറ്റികൊണ്ടുപോകുന്നത്. പുലര്‍ച്ചേ ചെത്തിയെടുക്കുന്ന കള്ള് എത്രയും വേഗം കൊണ്ടുപോകുന്നത് ഒരു പ്രത്യേക വൈദഗ്ധ്യമാണ്. ചിറ്റൂര്‍ മേഖലയില്‍ 88ഷാപ്പുകളാണ് ഇപ്പോഴുള്ളത് സുപ്രീംകോടതി വിധി വന്നതോടെ 38 എണ്ണവും അടച്ചുപൂട്ടി. 250ചെത്തുതൊഴിലാളികളും 126 ഷാപ്പുതൊഴിലാളികളും 500 താത്കാലിക ജീവനക്കാരുമാണ് ഇതോടെ ഈ പ്രദേശത്തുമാത്രം തൊഴില്രഹിതരായത.
നിലവില്‍ കണക്കുപ്രകാരം 1060രജിസ്ട്രേഡ് തൊഴിലാളികളാണ് വിവിധ യൂണിയനുകളിലായി ഉള്ളത്. മൂന്നുമാസം സ്ഥിരമായി ചെത്തുകയും കള്ളിന്റെ അളവ് നിലനിര്‍ത്തുകയും ചെയ്യുന്ന തൊഴിലാളിക്ക് സര്‍ക്കാരില്‍ നിന്നും രജിസ്ട്രേഷന് ലഭിക്കും. തൊഴിലാളിയൂണിയനുകളില്‍ ഉള്‍പ്പെടുന്ന രജിസ്ട്രേഡ് തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ക്ഷേമനിധിയില്‍ നിന്ന് ചികിത്സ ചിലവ് അപകട ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍, പെണ്മക്കളുടെ വിവാഹ ചിലവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും. ചെത്തുമേഖലയിലുള്ള യുവജനങ്ങളുടെ അഭാവം, വേതനകുറവ്, കരിമ്പനകളുടെ തുടര്‍ച്ചയായ നിര്‍മ്മാര്‍ജ്ജനം എന്നിവയാണ് മേഖല നേരിടുന്ന പ്രധാനവെല്ലുവിളികള്‍ മുതല്‍ മുടക്കില്ലാതെ സര്‍ക്കാരിന് സാമ്പത്തികനേട്ടം കൈവരിക്കാവുന്ന മേഖലകൂടിയാണിത്. സാമ്പത്തിക ഉയര്‍ച്ച കൊണ്ടുവരിക, തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുക, അത്യുല്പാദന ശേഷിയുള്ള തെങ്ങ്, പനകള്‍ വച്ചു പിടിപ്പിക്കുക എന്നിവയിലൂടെ ഈ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയും. കാര്യമായ ഇടപെടലുകളൊന്നും സര്‍ക്കാര്‍ ഈ മേഖലയില്‍ നടത്തുന്നിലെന്ന് പരാതിയുണ്ട്. തൊഴില്‍ സംരക്ഷണത്തില്‍ പൊതുവെ സര്‍ക്കാരിന്റെ അശ്രദ്ധയും കണ്ടുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: