ബെര്‍ലിന്‍: യൂറോപ്പിലെ ചാമ്പ്യന്ക്ലബിനെ ഇന്ന് അറിയാം. ഇന്ന് ബര്‍ലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സൂപ്പര്‍ ക്ലാസ്സിക്ക് ഫൈനലില്‍ ഏറ്റുമുട്ടുന്നത് ലോക ഫുട്ബോളിലെ രണ്ട് വമ്പന്മാരായ സ്പാനിഷ് ടീം ബാഴ്സലോണയും ഇറ്റാലിയന്‍ സീരി എ ചാമ്പ്യന്മാരായ ജുവന്റസും.
സീസണില്‍ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്. ബാഴ്സലോണ ഇതിനകം സ്പാനിഷ് ലാ ലീഗ കിരീടവും കിങ് കപ്പും സ്വന്തമാക്കിയപ്പോള്‍ സീരി ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയ ജുവന്റസ് ലീഗ് കപ്പും നേടിക്കഴിഞ്ഞു. ബാഴ്സയും-ജുവന്റസും തമ്മില്‍ ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇതിന് മുമ്പ് 2003-ലെ ദ്വിപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇറ്റാലിയന്‍ ക്ലബിനൊപ്പമായിരുന്നു. ഇരുപാദങ്ങളിലുമായി നടന്ന കളിയില്‍ 2-3നായിരുന്നു ജുവന്റസിന്റെ വിജയം. ഈ പരാജയത്തിന് കണക്കുതീര്‍ക്കുക എന്ന ലക്ഷ്യം കൂടി ബാഴ്സക്ക് ഇന്നുണ്ട്.
ജുവന്റസ് 12 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലില്‍ ഇടംപിടിച്ചിട്ടുള്ളത്. എട്ടാം തവണയാണ് അവര്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. അവസാനം ഫൈനലില്‍ കൡച്ച 2003-ല്‍ നാട്ടുകാരായ എസി മിലാനോട് പരാജയപ്പെട്ടു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജുവന്റസിന്റെ പരാജയം. ഇതിന് മുമ്പ് 1973, 1983, 1997, 1998 എന്നീ വര്‍ഷങ്ങളിലും അവര്‍ ഫൈനല്‍ കളിച്ചെങ്കിലും പരാജയപ്പെട്ടു. രണ്ട് തവണയാണ് ജുവന്റസ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുള്ളത്. 1985, 1996 വര്‍ഷങ്ങളില്‍. ഇത്തവണ അവര്‍ ലക്ഷ്യം വെക്കുന്നത് 19 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് അറുതിവരുത്താനാണ്. തുടര്‍ച്ചയായി മൂന്ന് തവണ ഫൈനലില്‍ കളിച്ച ടീമെന്ന ബഹുമതിയും ജുവന്റസിനുണ്ട്.
1996, 97, 98 വര്‍ഷങ്ങളില്‍. ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിച്ചാണ് ഈ ബഹുമതിയുള്ള മറ്റൊരു ടീം. 1974, 75, 76 വര്‍ഷങ്ങളിലായിരുന്നു ബയേണിന്റെ തുടര്‍ച്ചയായ മൂന്ന് ഫൈനല്‍ കളിക്കുകയും ഹാട്രിക്ക് കിരീടം നേടുകയും ചെയ്തത്.
ഏഴ് തവണ ഫൈനലില്‍ കളിക്കുകയും നാല് പ്രാവശ്യം കപ്പുയര്‍ത്തുകയും ചെയ്ത ടീമാണ് ബാഴ്സലോണ. 1990നുശേഷമായിരുന്നു ബാഴ്സയുടെ നാല് കിരീടങ്ങളും. 1992, 2006, 2009, 2011 എന്നീ വര്‍ഷങ്ങൡ ചാമ്പ്യന്മാരായപ്പോള് 1961, 1986, 1994 വര്‍ഷങ്ങളില്‍ റണ്ണേഴ്സപ്പുമായി. നാല്വര്ഷത്തെ കിരീടവരള്‍ച്ചക്ക് തടയിടുകയാണ് ബാഴ്സയുടെ ലക്ഷ്യം.
ബാഴ്സലോണയുടെ കരുത്തുറ്റ മുന്നേറ്റവും ജുവന്റസിന്റെ പ്രതിരോധവും തമ്മിലാണ് ഇന്നത്തെ സൂപ്പര്‍ പോരാട്ടം. ലയണല്‍ മെസ്സി-സുവാരസ്-നെയ്മര്‍ എന്നീ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങള്‍ ബാഴ്സ മുന്നേറ്റനിരയില്‍ അണിനിരക്കുമ്പോള്‍ അവരെ തടഞ്ഞുനിര്‍ത്തുക എന്നതാണ് ജുവന്റസ് പ്രതിരോധത്തിന്റെ പ്രധാന വെല്ലുവിളി. എന്നാല്‍ ചില പ്രമുഖ താരങ്ങളുടെ പരിക്ക് ജുവന്റസിന്റെ താളംതെറ്റിച്ചേക്കാന് ഇടയുണ്ട്.
ചില്ലെനി, കാസിറസ്, അസമോവ, റൊമോലു എന്നിവരാണ് പരിക്കുകാരണം ജുവന്റസ് നിരയില്‍ നിന്ന് ഇന്നത്തെ പോരാട്ടത്തില്‍ വിട്ടുനില്‍ക്കുന്നത്. പ്രതിരോധനിരയിലെ കരുത്തരായ ബര്‍സാഗ്ലിയുടെ കാര്യവും സംശയത്തിലാണെങ്കിലും ഇന്ന് കളിക്കാനിറങ്ങുമെന്നാണ് കരുതുന്നത്. എങ്കിലും സ്റ്റീവന്‍ ലിച്ച്സ്റ്റയ്ന്, പാട്രിക് എവ്റ, ബൊനൂച്ചി എന്നിവരുടെ മികവിലാണ് ജുവന്റസ് പ്രതിരോധം കെട്ടിപ്പൊക്കുന്നത്. എന്നാല്‍ പ്രായമേറെയായെങ്കിലും മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ ആന്ദ്രെ പിര്‍ലോ എന്ന മിഡ് ഫീല്‍ഡര്‍ ജനറലിന്റെ സാന്നിധ്യമുണ്ട്. ഒപ്പം പോള്‍ പോഗ്ബ, വിദാല്‍, മാര്‍ച്ചിസിയോ എന്നിവരും സ്ട്രൈക്കര്‍മാരായി കാര്‍ലോസ് ടെവസും മൊറാട്ടയും രംഗത്തുണ്ടാവും. റയല്‍ മാഡ്രിഡിനെതിരായ സെമിഫൈനലില്‍ ആല്‍വാരോ മൊറാട്ടയുടെ ഗോളുകളാണ് ജുവന്റസിന് വിജയം സമ്മാനിച്ചത്. ഗോള്‍വലയം കാക്കാനിറങ്ങുന്നത് ജിയാന്‍ലൂജി ബഫണ് എന്ന ഇതിഹാസവും.
മറുവശത്ത് തകര്‍പ്പന്‍ മെസ്സി-നെയ്മര്‍-സുവാരസ് എന്നിവരുടെ തകര്‍പ്പന്‍ ഫോം തന്നെയാണ് ബാഴ്സയുടെ കരുത്ത്. സീസണില്‍ ഈ ത്രിമൂര്‍ത്തികള്‍ അടിച്ചുകൂട്ടിയത് 100 ലേറെ ഗോളുകളാണ്. സെമിഫൈനലില്‍ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യുണിക്കിനെ തകര്‍ത്താണ് ബാഴ്സ കലാശക്കളിക്ക് യോഗ്യത നേടിയത്. മധ്യനിരയില്‍ കളിമെനയാന്‍ ആന്ദ്രെ ഇനിയേസ്റ്റയും സാവിയുമുണ്ട്. ഇവര്‍ക്ക് പിന്തുണയുമായി ഇവാന് റാകിറ്റിച്ചും സെര്‍ജിയോ ബുസ്കെറ്റ്സും ഇറങ്ങും. സാവി ബാഴ്സ ജേഴ്സിയില്‍ ഇന്ന് അവസാനത്തെ കളിക്കാണ് ഇറങ്ങുന്നത്.
അതുകൊണ്ട് കിരീടധാരണത്തോടെ സാവിക്ക് യാത്രയയപ്പ് നല്‍കുക എന്നതാണ് ബാഴ്സ താരങ്ങളുടെ ലക്ഷ്യം. പ്രതിരോധത്തില്‍ ജെറാര്‍ഡ് പിക്വെ, ഡാനി ആല്‍വസ്, ജോര്‍ഡി ആല്‍ബ, മസ്ക്കരാനോ എന്നിവര്‍ ഇറങ്ങുമ്പോള്‍ ഗോള്‍വലയം കാക്കാനിറങ്ങുക യുവതാരം ആന്ദ്രെ സ്റ്റീഗനായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: