കൊടിയപീഡനങ്ങളുടെ നീറുന്ന ഓര്‍മ്മകള്‍ പലതും ഓര്‍ത്തെടുക്കുവാന്‍ കഴിയുന്നില്ല തുറവൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് തിരുമലഭാഗം ഹരിനിവാസില്‍ നന്ദകുമാര്‍ എന്ന അറുപത്തിയഞ്ചുകാരന്. 25-ാം വയസില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനമുറകള്‍ക്ക് വിധേയനായി തടവറയില്‍ അടയ്ക്കപ്പെട്ടു.
അടിയന്തരാവസ്ഥയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി. ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തെ നശിപ്പിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ തുറവൂരിലെ സംഘപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് നന്ദകുമാറായിരുന്നു. സ്വയംസേവകര്ക്കൊന്നും വീട്ടില്‍ നില്ക്കാന് കഴിയാത്ത അവസ്ഥ. സത്യഗ്രഹം നടത്തണമെന്ന ആഹ്വാനം പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തതെന്ന് നന്ദകുമാര്‍ ഓര്‍ക്കുന്നു.
സത്യഗ്രഹത്തിനുള്ള രണ്ടാമത്തെ ബാച്ചിനെ നയിച്ചത് നന്ദകുമാറായിരുന്നു. അങ്ങനെ സത്യഗ്രഹം നടത്തുവാന്‍ നിശ്ചയിച്ച ദിവസമെത്തി. വടക്കേ അങ്ങാടിക്കവലയില്‍ സമരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ തൂവാലവീശി കാണിക്കണമെന്നായിരുന്നു തീരുമാനം. അങ്ങനെ നിശ്ചയിച്ച 11 പേരും എത്തി. പെട്ടെന്ന് മുദ്രാവാക്യം വിളികളുമായി സംഘം ഒന്നിച്ചു നീങ്ങിയപ്പോളാണ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ശ്രദ്ധിച്ചത്. എല്ലാവരെയും ഒരുമിച്ച് അറസ്റ്റ് ചെയ്ത് നീക്കണമെന്ന സമരക്കാരുടെ നിര്‍ബന്ധത്തിന് മുന്നില്‍ പോലീസിന് മുട്ടുമടക്കേണ്ടി വന്നു. ജീപ്പിന്റെ സീറ്റുകള്‍ എടുത്തുമാറ്റി മുഴുവന്‍പേരെയും അതില്‍ കുത്തിനിറച്ചു. പിന്നീടങ്ങോട്ട് കൊടിയ പീഡനങ്ങളാണ് സഹിക്കേണ്ടി വന്നത്.
സമരം നയിച്ച നന്ദകുമാറിനെ അന്നത്തെ എസ്ഐ ആയിരുന്ന പ്രഭാകരന് അടുത്തേക്കു വിളിച്ചു. ജാതി എഴുതി നല്കുവാന് ആവശ്യപ്പെട്ടു. ഞാന്‍ ഹിന്ദുവില്‍ ആണ്ജാതിയാണെന്നുള്ള ഉത്തരം എസ്ഐയെ ചൊടിപ്പിച്ചു. നല്കിയ പ്രലോഭനങ്ങളിലൊന്നും നന്ദകുമാര്‍ വീഴില്ലെന്നുറപ്പായപ്പോള് തോക്കിന്റെ പിന്‍ഭാഗം കൊണ്ട് നട്ടെല്ലില്‍ ശക്തിയായി ഇടിച്ചു.
വേദനകൊണ്ട് കരഞ്ഞെങ്കിലും അദ്ദേഹം പോലീസുകാരന്റെ ആജ്ഞകള്‍ അനുസരിച്ചില്ല. ഇന്ദിരാ കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് എഴുതിനല്കുവാന് പോലീസ് സമരക്കാരോട് ആവശ്യപ്പെട്ടെങ്കിലും ആരും വഴങ്ങിയില്ല. രാവിലെ തുടങ്ങിയ പീഡനങ്ങള്‍ പിറ്റേദിവസം കോടതിയിലെത്തുന്നതുവരെ തുടര്‍ന്നു. പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ വിട്ടയച്ചുകൊണ്ട് ബാക്കി എട്ട് പേരെയും 16 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
സബ് ജയിലിലെ പീഡനങ്ങള്‍ക്കൊടുവില്‍ നന്ദകുമാര്‍ ഉള്‍പ്പെടെയുള്ളവരെ ആറ് മാസത്തെ തടവിനായി വിധിച്ചു. സെന്‍ട്രല്‍ ജയിലിന്റെ ചെറിയകവാടത്തിലൂടെ കുനിഞ്ഞ് കയറാന്‍ നന്ദകുമാറിനോട് പോലീസ് ആവശ്യപ്പെട്ടു. മര്‍ദ്ദനത്തില്‍ നട്ടെല്ലിനേറ്റ ക്ഷതംമൂലം കുനിയാന്‍പോലും കഴിയാതിരുന്ന അദ്ദേഹത്തെ പോലീസ് അകത്തേക്ക് ബലം പ്രയോഗിച്ച് തള്ളിക്കയറ്റുകയായിരുന്നു. നൂല്‍ബന്ധം പോലുമില്ലാതെ എട്ട് പേരെയും അകത്തേക്ക് കയറ്റി. അഴിച്ചെടുത്ത തുണി തലയില്‍ വെച്ച് സെന്‍ട്രല്‍ ജയില്‍ കെട്ടിടത്തിന് വലത്തുവെച്ച് വരുവാന്‍ പോലീസ് ആവശ്യപ്പെട്ടു. അതിനുശേഷം ജയിലിലെ വസ്ത്രങ്ങള്‍ നല്കി. 625 എന്ന് ആലേഖനം ചെയ്ത കൈത്തറി ജുബ്ബയും മുണ്ടുമായിരുന്നു നന്ദകുമാറിന്റെ വേഷം. പല ജില്ലകളില്‍ നിന്നുള്ള സ്വയംസേവകര്‍ ഒരുമിച്ചു കൂടിയപ്പോള്‍ ജയിലറകള്‍ സംഘസ്ഥാനായി മാറി.
നേരമിരുട്ടിയാല്‍ ശാഖ കൂടിയും ബൗദ്ധിക് നടത്തിയും പ്രവര്‍ത്തകര്‍ ഭാവി പ്രവര്‍ത്തനങ്ങളെകുറിച്ച് ചര്‍ച്ചചെയ്തു. ആര്‍എസ്എസ് കാര്യകര്ത്താക്കന്മാരുടെ വിവരങ്ങള്‍ക്കായി ജയിലധികൃതര്‍ നന്ദകുമാറിനെ തേടിയെത്തി. തടവ് കഴിഞ്ഞ് പുറത്തിറങ്ങിയെങ്കിലും സംഘപ്രവര്‍ത്തനം നടത്തുന്നതിന് കഴിഞ്ഞിരുന്നില്ല.
ഒടുവില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചുള്ള ഉത്തരവിറങ്ങിയ അന്ന് വൈകിട്ട് തുറവൂര്‍ പോസ്റ്റോഫീസ് മൈതാനിയില്‍ മുന്നൂറോളം സ്വയംസേവകര്‍ പങ്കെടുത്ത ശാഖ നടന്നു. ശാരീരികാസ്വാസ്ഥ്യങ്ങള്‍ മറന്ന് ഭാരതാംബയെ നമിക്കുമ്പോള്‍ അനുഭവിച്ച പീഡനങ്ങളെല്ലാം ആ സ്വയംസേവകന്റെ മനസില്‍ അഭിമാനം ആകാശത്തോളം പടര്‍ന്നു പന്തലിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: