പ്രസ്താവന, ചാനലുകളിലെ ചര്‍ച്ച, ചുമരെഴുത്ത്, കവലപ്രസംഗം തുടങ്ങിയ കലാപരിപാടികള്‍ ഒരു തട്ടും തടവും കൂടാതെ നടക്കുന്ന കാലമാണല്ലോ ഇപ്പോള്‍. മനുഷ്യാവകാശത്തിന് പലതരത്തിലും തലത്തിലും മാനങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗവേഷണവും മറ്റും മുറയ്ക്ക് നടക്കുന്നു. നമ്മുടെ കമ്മീഷണര്‍ ഫെയിം നടന് സിനിമയില്‍ ചോദിച്ച പോലെ ഒരു ചോദ്യം ചോദിച്ചോട്ടെ. ചിലപ്പോള്‍ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നതാവും അത്; എങ്കിലും ചോദിക്കാതെ തരമില്ല. ഓര്‍മ്മയുണ്ടോ 1975 ജൂണിലെ 25-ാം നാള്, കറുത്തരാത്രി, അടിയന്തരാവസ്ഥ. ഭാരതത്തെ മൊത്തം ഇരുമ്പറയ്ക്കുള്ളിലാക്കാന് ഒരു വനിതാ നേതാവ് കണ്ടെത്തിയ കുമാര്‍ഗം. കേരളത്തിലെ അത്യാവശ്യം മനുഷ്യത്വമുള്ള നേതാവ് മേപ്പടി വനിതാ നേതാവിനെ വിശേഷിപ്പിച്ചത് ഇങ്ങനെ. ഇതാ ഒരു പെണ്‍ഹിറ്റ്ലര്‍ പിറന്നിരിക്കുന്നു. അതെ, അടിയന്തരാവസ്ഥയെന്ന ദുര്‍ഭൂതത്തെ കെട്ടിയെഴുന്നള്ളിച്ച് പറയെടുപ്പും പഞ്ചാരിമേളവും നടത്തിയ ഇന്ദിരാഗാന്ധിയെന്ന നേതാവിന്റെ പേരുപോലും അറപ്പും വെറുപ്പും ഉളവാക്കുന്ന തരത്തിലായത് എന്തുകൊണ്ടാണ്? ഇന്നത്തേയും എന്നത്തേയും തലമുറ ഒരിക്കലും മറന്നുപോകാന്‍ പാടില്ലാത്തതാണ് അടിയന്തരാവസ്ഥ. മനുഷ്യാവകാശങ്ങള്‍ക്ക് ശവക്കല്ലറ പണിഞ്ഞ് അതിനു മുകളില്‍ ചോരപുരണ്ട കൈപ്പത്തി വരച്ചുവെച്ചവര് ഇപ്പോള്‍ ഫാസിസത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും സ്വേച്ഛാധിപത്യത്തെക്കുറിച്ചും മൈതാനപ്രസംഗം നടത്തുന്നു.
അത്തരത്തിലൊരു വിദ്വാന് ഈയിടെ കോഴിക്കോട്ടെത്തി ഒരു പരിപാടിയില്‍ പങ്കെടുക്കവെ ഇങ്ങനെ മൊഴിഞ്ഞതായി മലയാള മനോരമ (ജൂണ്‍ 24) നമ്മെ അറിയിക്കുന്നു: രാജ്യത്ത് പ്രകടമായിക്കൊണ്ടിരിക്കുന്ന ഏകാധിപത്യപ്രവണത, ജനാധിപത്യത്തിന് കോട്ടംതട്ടുന്ന സ്ഥിതിയുണ്ടാക്കും. ഇപ്പോള്‍ ഈ ജനാധിപത്യത്തെക്കുറിച്ച് നിലാവിന്റെ ചിരിയോടെ പറയുന്ന ഈ മഹാന് ആ കാളരാത്രിയില്‍ ചെയ്തതെന്തായിരുന്നു. സംഘടനാ കോണ്‍ഗ്രസിന്റെ നേതൃപദവിയില്‍ നിന്ന് അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രക്ഷോഭത്തിലേക്ക് എടുത്തുചാടി. സംഗതിവശാല്‍ ജയിലിലുമായി. കൊതുകുകടിയും ഗോതമ്പുണ്ടയും രണ്ടുദിവസം അനുഭവിച്ചതോടെ മനുഷ്യാവകാശവും ജനാധിപത്യവും പ്രക്ഷോഭവും അറബിക്കടലില്‍. ഇന്ദിരയുടെ ഇരുപതിനത്തെ വാഴ്ത്തിപ്പാടിയതോടെ ഇരുമ്പുവാതിലുകള്‍ മലര്‍ക്കെ തുറന്നു. ജനാധിപത്യവാദികളുടെ വാരിയെല്ലൊടിയുന്നതിന്റെ ദീനസ്വരം ആസ്വദിച്ച് ടിയാന് പുറത്തെത്തി; പോര ഇന്ദിരക്ക് ജയ് വിളിച്ച് ആ കൂടാരത്തിലേക്ക് ഒടിഞ്ഞുമടങ്ങി പ്രവേശിച്ചു. അതിനൊരു കാരണവും കണ്ടെത്തി. കാമരാജ നാടാരുടെ മരണം. പിന്നെ ഇന്ദിരയ്ക്കുവേണ്ടി വിടുപണി നടത്തി സ്വന്തം നിലയും വിലയും വര്‍ധിപ്പിച്ചു. മനുഷ്യചരിത്രത്തിലെ കൊടിയ ക്രൂരതയെ പാലൂട്ടി തേനൂട്ടി കൂടപ്പിറപ്പാക്കിയ വിദ്വാന് ഇപ്പോള്‍ വെളിപാടുണ്ടായിരിക്കുന്നു. അടിയന്തരാവസ്ഥയും അതുമായി ബന്ധപ്പെട്ട കൊടുംക്രൂരതകളും ഉപ്പാണോ മുളകാണോ എന്നറിയാത്ത ന്യൂജന്‍ യോ യോ മാര്ക്കുമുമ്പില് ഞെളിഞ്ഞുനില്ക്കാന് ഒരു പക്ഷേ, ഇതൊക്കെ ഉപകരിച്ചേക്കാം. പക്ഷേ, കാലത്തിന്റെ കൈക്കുറ്റപ്പാടില്ലാത്ത കണക്കു പുസ്തകത്തില്‍ അടിവരയിട്ടുവെച്ച പേര് മാറ്റാനാവില്ല മക്കളേ….
ജൂണ്‍ മാസം ചോരമണക്കുന്ന മാസമായത് എന്തുകൊണ്ടാണെന്ന് ഒരുവിധപ്പെട്ടവര്‍ക്കൊക്കെ അറിയാവുന്നതാണ്. അതറിഞ്ഞവരും അറിയാത്തവരും അതിനെക്കുറിച്ച് കഥയും കവിതയും ഫീച്ചറും ചമയ്ക്കും. ചിലര്‍ക്ക് അടിയന്തരാവസ്ഥ നക്സലുകള്‍ പൊട്ടിച്ച ഒരു പൊട്ടാസായും കൈത്തോക്കായും മാറും. മറ്റു ചിലര്‍ക്ക് ഇടതു കമ്മ്യൂണിസ്റ്റിന്റെ പ്രകടനമാവും. ബുദ്ധിജീവികളും നേരത്തെ പറഞ്ഞ ജാതി വിദ്വാന്മാരും അടിയന്തരാവസ്ഥയില്‍ മാളത്തിലൊളിച്ചപ്പോള്‍ ഭാരതാംബയ്ക്കുവേണ്ടി സധൈര്യം രംഗത്തുവന്ന് പ്രക്ഷോഭം നയിച്ചത് ലോകസംഘര്‍ഷസമിതിയുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു. എണ്ണിയാലൊടുങ്ങാത്ത ക്രൂരതയും പീഡനവും ഏറ്റ് തളര്‍ന്ന അവര്‍ പക്ഷേ, പ്രക്ഷോഭത്തിന്റെ ഒരു ഘട്ടത്തിലും വാടിവീണില്ല. അവര്‍ അന്നുകൊണ്ട വെയിലിന്റെ തണലത്താണ് ഇന്ന് ആവേശം കൊണ്ട് തലങ്ങും വിലങ്ങും പായുന്ന സകലരും. അവരനുഭവിച്ച കൊടും യാതനകളെക്കുറിച്ചും അവരുടെ കുടുംബത്തിനുണ്ടായ ദുരിതങ്ങളെക്കുറിച്ചും ആരും അറിയുന്നില്ല. എന്നിട്ടിപ്പോള്‍ അടിയന്തരാവസ്ഥയെ നാടുകടത്തിയതിന്റെ അവകാശവാദവുമായി നക്സലുകളും സിപിഎമ്മുകാരും ആ ജനുസ്സില്‍പ്പെട്ട ഒട്ടേറെപ്പേരും രംഗത്തുവരുന്നു. അന്ന് ഇന്ദിരയ്ക്കൊപ്പം ഒട്ടിനിന്നവര്‍ പോലും അവകാശവാദത്തിന്റെ അരികുപറ്റി നടക്കുന്നു എന്നതാണല്ഭുതം.
മലയാളമനോരമയുടെ ഞായറാഴ്ച (ജൂണ്‍ 21) ഒരു ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. തലക്കെട്ട് ഇങ്ങനെ: ആ തോക്കിന്റെ കഥ. കായണ്ണ പോലീസ് സ്റ്റേഷന് ആക്രമണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്ക് കൈത്തോക്ക് എത്തിക്കാന്‍ നിയോഗിക്കപ്പെട്ട കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ അമീര്‍ അലിയെ പരിചയപ്പെടുത്തുന്ന ഒരു കഥയാണത്. അടിയന്തരാവസ്ഥ ക്രൂരതകള്‍ കഴിയുന്നത്ര പുതുതലമുറയുടെ മനസ്സില്‍ നിന്ന് മായ്ക്കുകയും അവിടെ ജനങ്ങള്‍ അക്രമത്തിന്റെ പാതയിലായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുകയാണ് ഇതുവഴി. അത്തരമൊരു അജണ്ട മനോരമയുടെ സ്വത്വമായ നിലയ്ക്ക് കുറ്റപ്പെടുത്താനാവില്ല. എന്നാല്‍ അന്നത്തെ കാലത്ത് എന്തെല്ലാം നടന്നുവെന്ന്- ചുരുങ്ങിയപക്ഷം കേരളത്തിലെങ്കിലും- പറയാനുള്ള ബാധ്യത ഇല്ലേ സര്. എങ്ങനെയൊക്കെ മൂക്കും വായും പൊത്തിയാലും ചരിത്രത്തെ അത്ര പൊടുന്നനെ ഗളഹസ്തം ചെയ്യാനാവുമോ? അഥവാ ചെയ്താല്‍ തന്നെ ഫലമുണ്ടാവുമോ? ഏതായാലും നിശ്ചലാവസ്ഥ എന്ന ഇടത്തലക്കെട്ടില് കൊടുത്ത ഖണ്ഡികയില്‍ നിന്ന് നാലഞ്ചു വരികണ്ടാലും. എന്തായിരുന്നു അന്നത്തെ കാലമെന്ന് അന്നം തിന്നുന്നവര്‍ക്കൊക്കെ മനസ്സിലാക്കാനാവും. ഇതാ: അടിയന്തരാവസ്ഥയെ തുടര്‍ന്ന് രാജ്യമൊട്ടാകെ ആയിരക്കണക്കിനു നേതാക്കളെ അറസ്റ്റു ചെയ്തു. പലരും മാരകമായി പീഡിപ്പിക്കപ്പെട്ടു. വിദേശ പത്ര പ്രതിനിധികള്‍ രാജ്യത്തുനിന്നു ബഹിഷ്കൃതരായി. പത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. മൗലികാവകാശങ്ങള്‍ സസ്പെന്‍ഡ് ചെയ്തു. നിരവധി പാര്‍ട്ടികളും സംഘടനകളും നിരോധിക്കപ്പെട്ടു. ചില സംസ്ഥാനങ്ങളിലെ ഭരണം അനിശ്ചിത കാലത്തേക്കു പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പടുത്തി. ശ്ലോകത്തില്‍ കഴിച്ചതാണെങ്കിലും ഇതില്‍ എല്ലാമുണ്ട്; നൂറ്റൊന്നാവര്‍ത്തിച്ച ക്ഷീരബലപോലെ.
അന്ന് പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ച പി. പ്രേമന് പുതിയോട്ടില്‍ (ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം) പറയുന്നതു കൂടി കേള്‍ക്കുക: വിശപ്പടക്കാന്‍ ഒന്നുമില്ലാതെ, ഉടുവസ്ത്രങ്ങള്‍ പോലും നിഷേധിക്കപ്പെട്ട്, കൊടിയ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി തളര്‍ന്ന ഞങ്ങള്‍ക്ക് ഒന്നിരിക്കാന്‍ പോലും സാധിക്കരുതെന്ന ഉദ്ദേശ്യത്തോടെ അവര്‍ വെള്ളം കെട്ടിനിന്ന ലോക്കപ്പ് മുറികളിലാക്കി. കൊതുകിന്റെ കടിയും സംഗീതവും ആസ്വദിച്ച് ഒരു പോള കണ്ണടയ്ക്കാതെ, ഒന്നിരിക്കാനാവാതെ നേരം വെളുപ്പിച്ചു. ലോക്കപ്പില്‍ കഴിയുന്ന ഞങ്ങള്‍ക്ക് ഭക്ഷണം തരാന്‍ തയ്യാറായി എത്തിയവരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അവിടെ നിന്ന് പോലീസുകാര്‍ ഓടിച്ചു. നേരം പുലര്‍ന്നപ്പോള്‍ തലേന്ന് രാത്രിയിലെ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയ പോലീസുകാരുടെ ഊഴമായിരുന്നു. കാലിനടിയില്‍ ലാത്തിയടിയേറ്റ് നീരുവെച്ച കാലുമായി നില്‍ക്കാനും ഇരിക്കാനും കഴിയാത്ത ഞങ്ങളെ ഓരോരുത്തരെയായി പുറത്തേക്കു വിളിച്ചു. വല്ലഭദാസ് എന്ന പോലിസുകാരനാണ് പുതിയ മുറയുടെ നേതൃത്വം. സാങ്കല്പിക കസേരയില്‍ കൈപൊക്കിയിരുത്തും. ഏറെ നേരം ഇരിക്കുമ്പോള്‍ താഴാതിരിക്കാനായി പൊക്കിപ്പിടിച്ച കൈകള്‍ക്കും തലയ്ക്കുമിടയില്‍ ലാത്തിതിരുകും. കാല്‍കുഴഞ്ഞ് വീണാല്‍ പിടിച്ചെഴുന്നേല്‍പ്പിച്ച് ക്രൂരമര്‍ദ്ദനം…. അടിയന്തരാവസ്ഥയെ പുകഴ്ത്തുന്നവര്‍ ഇതൊക്കെയൊന്നറിയണം. തെരുവില്‍ ഉമ്മവെക്കാനും സൈ്വരസല്ലാപം നടത്താനും പ്രക്ഷോഭത്തെമ്മാടിത്തം നടത്തുന്ന യോ യോ മാരും അറിയണം. പിന്നെ നമ്മുടെ ഫോര്‍ത്ത് എസ്റ്റേറ്റുകാരായ പേനയുന്ത് തൊഴിലാളികളും; അതെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.
അടിയന്തരാവസ്ഥയുടെ പ്രേതം വിടാതെ പിന്തുടരുന്ന ചില പോലീസുകാരും മറ്റും ഇപ്പോഴും സജീവം. ഏത് സെന്‍കുമാര്‍ വന്നാലും ഉത്തരവ് നല്കിയാലും നോ ഫലം. അതിന്റെ രണ്ട് ഉദാഹരണങ്ങള്‍ മാത്രം കണ്ടാലും. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരഹൃദയത്തിലുള്ള ഒരു ഹിന്ദു ആശ്രമത്തിലേക്ക് വെളിവും വെള്ളിയാഴ്ചയുമില്ലാതെയാണ് ഒരു പ്രൊബേഷനറി എസ്ഐ ചാടിക്കേറി വന്നത്. മര്യാദകെട്ട ഭാഷയില്‍ സംസാരിച്ചു തുടങ്ങിയ അയാള്‍ക്ക് ആശ്രമസംസ്കാരത്തോടും അതുമായി ബന്ധപ്പെട്ട കാര്യങ്ങളോടും പരമപുച്ഛം. ആരോ ഫോണ്‍ ചെയ്തതിനെ തുടര്‍ന്നാണത്രെ അയാള്‍ അന്വേഷണത്തിന് വന്ന് മ്ലേച്ഛമായി പെരുമാറിയത്. താന്‍ അന്യജില്ലക്കാരനാണെന്നും ആശ്രമവും മറ്റും തനിക്കൊരു പ്രശ്നമല്ലെന്നും മറ്റും ആക്രോശിച്ച അയാള്‍ ആശ്രമബന്ധുക്കളോടും മര്യാദകെട്ട ഭാഷയിലായിരുന്നു സംസാരിച്ചത്. ഡിജിപിയുടെ ഉത്തരവുണ്ടായിട്ടും ഇങ്ങനെ പെരുമാറണമെങ്കില്‍ ആരുടെയോ മാസപ്പടിപ്പുസ്തകത്തില് പേരുണ്ടാവണമെന്ന് വ്യക്തം. ഒടുവില്‍ ഒന്നും കണ്ടെത്താനാവാതെ, ധാര്‍ഷ്ട്യത്തിന്റെ ചൂണ്ടക്കൊളുത്ത് പോക്കറ്റില്‍ തന്നെ തിരുകി അയാളും കൂടെ വന്നവരും പോയി. ഒരു ഹിന്ദു ആശ്രമത്തില്‍ വന്ന് ഇങ്ങനെ ധിക്കാരമായി പെരുമാറാനുള്ള ലൈസന്‍സ് ആര്, എപ്പോള്‍, എന്തിന് നല്കി എന്നത് ഇപ്പോഴും അജ്ഞാതം. മറ്റൊന്ന് കൊച്ചിയിലാണ്. ബസ്സുകളുടെ മത്സരപ്പാച്ചില്‍ ചോദ്യം ചെയ്ത യാത്രക്കാരനെ ബസ്സിറങ്ങി പോവുമ്പോള്‍ റോഡില്‍ ബസ്സുകാര് കൈകാര്യം ചെയ്തതാണ് സംഭവം. അയാളെ മുന്‍ ഹൈക്കോടതി ജഡ്ജി ഇടപെട്ടാണ് രക്ഷപ്പെടുത്തിയത്. ഫലമോ യാത്രക്കാരനെതിരെ പോലീസ് കേസെടുത്തു. അടിയന്തരാവസ്ഥയുടെ കുഞ്ഞുകുഞ്ഞു പ്രേതങ്ങള്‍ ശക്തനും മനുഷ്യത്വത്തിന് ഏറ്റവും മുന്തിയ പരിഗണന കൊടുക്കുന്ന സെന്‍കുമാറിന്റെ ഫോഴ്സിനുള്ളിലും സജീവമാണെന്നല്ലേ കരുതേണ്ടത്? ഇതിന് അറുതിയുണ്ടാവണ്ടേ? അതിന് നിതാന്ത ജാഗ്രതയല്ലാതെ മറ്റൊന്നും ഫലം ചെയ്യില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: